കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന തുടരുന്നു

മൂവാറ്റുപുഴയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : May 11, 2022, 01:56 PM IST
  • 50ഓളം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍
  • ഇതില്‍ കൂടുതലും കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം
  • കോട്ടയം പാലായില്‍ 10 കിലോ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചു
കോഴിക്കോട്   പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന തുടരുന്നു

കോഴിക്കോട്  പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേരാണ്  ആശുപത്രിയില്‍ ചികിത്സ തേടിയത്. എട്ടാം തീയതിയായിരുന്നു  വിവാഹം നടന്നത്. വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കായിരുന്നു  അസ്വസ്ഥത അനുഭവപ്പെട്ടത്. 

50ഓളം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളത്തില്‍ നിന്ന് രോഗബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് പരിശോധന നടപടികൾ  ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും ആരോഗ്യ നില ഗുരുതരമല്ല.

അതേസമയം  സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്‍റെയും പരിശോധന തുടരുകയാണ്. കോട്ടയം പാലായില്‍ 10 കിലോ പഴകിയ  മീന്‍ പിടികൂടി നശിപ്പിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മീന്‍ കണ്ടെത്തിയത്. മീന്‍ പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

മൂവാറ്റുപുഴയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. നഗരത്തിലെ എട്ട് കടകളിലാണ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ നടത്തിയത്. മൂന്ന് കടകളിൽ നിന്നായിരുന്നു ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.  വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയതോടെ എട്ട് ഹോട്ടലുകൾക്കും അധികൃത‍ര്‍ നോട്ടീസ് നൽകിയിരുന്നു.

തിരുവനന്തപുരം കല്ലറയില്‍ ഒരു ബേക്കറി യൂണിറ്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചിരുന്നു. ഗള്‍ഫ് ബസാറിന്‍റെ ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റാണ് അധികൃതർ അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്ഥാപനം  ലൈസന്‍സും പുതുക്കിയിരുന്നില്ല. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാംസ സംഭരണ കേന്ദ്രം താല്‍ക്കാലികമായി ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News