കൊച്ചി: ഇന്ത്യൻ മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. 79 വയസ്സായിരുന്നു. ഫുട്ബോൾ രംഗത്ത് നാല് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ടി.കെ ചാത്തുണ്ണി ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകരിലൊരാളായിരുന്നു. ഇന്ന് രാവിലെ 7:45ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമുള്ള വ്യക്തിയായിരുന്നു ടി.കെ ചാത്തുണ്ണി. സന്തോഷ് ട്രോഫിയിൽ കേരളത്തിനും ഗോവയ്ക്ക് വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടതായിരുന്നു ടി.കെ. ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദ്ദേഹം എഫ്‌സി കൊച്ചിന്‍, ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, മോഹന്‍ ബഗാന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കേരള പൊലീസ് ഫുട്ബോൾ ടീമിനെയും അദ്ദേഹം പരിശീലപ്പിച്ചു. കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷൻ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്.
Also Read: Sabarimala Entry: മലകയറാൻ അനുവദിക്കണം; 10 വയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി
ചാത്തുണ്ണിയുടെ പരിശീലനമികവിൽ ഇന്ത്യൻ ഫുട്ബോളിൻ്റെയും കേരള ഫുട്ബോളിൻ്റെയും മുൻനിര താരങ്ങളായി മാറിയ നിരവധി പേരുണ്ട്. ഐ എം വിജയന്‍, ബ്രൂണോ കുട്ടീഞ്ഞോ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചന്‍, യു ഷറഫലി അടക്കമുള്ള ശിഷ്യന്‍മാരുടെ വലിയ നിരയുണ്ട് ടി കെ ചാത്തുണ്ണിക്ക്. തനിക്ക് നഷ്ടമായത് തന്റെ ഗോഡ്ഫാദറിനെയാണെന്നും വിജയനെ വിജയനാക്കിയ പരിശീലകനാണ് വിടവാങ്ങിയതെന്നും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ പ്രതികരിച്ചു. ചാത്തുണ്ണി സാറിന് കീഴിൽ കളിച്ച നാളുകൾ ഒരിക്കലും മറക്കാനാകില്ലെന്ന് മുൻ ഇന്ത്യൻ നായകൻ ജോപോൾ അഞ്ചേരിയും പ്രതികരിച്ചു.
ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ തനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയ നേട്ടങ്ങളെ തിരിച്ചുപിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടവും പ്രയത്നവുമായിരുന്നു ചാത്തുണ്ണി മാഷിൻ്റെ പരിശീലന ജീവിതം. ഫുട്ബോളിനെ ആത്മാവായി കൂടെ കൊണ്ടുനടന്ന അദ്ദേഹം 'ഫുട്ബോൾ മൈ സോൾ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന്‍റെയും കേരള ഫുട്ബോളിന്‍റേയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ഇന്ന് വിടവാങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy