തിരുവനന്തപുരം: ലോകത്തിൽ അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് വാക്സ് മ്യൂസിയങ്ങളുള്ളത്. ഇവിടങ്ങളിൽ വാക്സ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പ്രതിമകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. തിരുവനന്തപുരത്തും ഇത്തരത്തിലൊരു വാക്സ് മ്യൂസിയമുണ്ട്. കിഴക്കേകോട്ടയിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ തെക്കേയറ്റത്താണ് സുനിൽ വാക്സ് മ്യൂസിയം എന്ന ഈ മ്യൂസിയമുള്ളത്. ഗാന്ധിജിയും ടാഗോറും മുതൽ നരേന്ദ്രമോദിയും വി.എസ് അച്യുതാനന്ദനും വരെ മെഴുക് പ്രതിമയിൽ ഇടംപിടിച്ചിട്ടുണ്ട്.
അൻപതോളം മെഴുകു പ്രതിമകളാണ് സുനിൽ വാക്സ് മ്യൂസിയത്തിലുള്ളത്. യാഥാർത്ഥ്യത്തിനെ വെല്ലുന്ന തരത്തിലുള്ള പ്രതിമകളാണ് ഇവിടെയുള്ളത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ആദ്ധ്യാത്മിക ആചാര്യന്മാരും സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും സിനിമാരംഗത്തെ പ്രഗത്ഭരും തുടങ്ങി നിരവധി പേരുടെ പ്രതിമകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ വി.എസ്.അച്യുതാനന്ദൻ, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്‌ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ തെൻഡുൽക്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, നരേന്ദ്രമോദി, രാജാരവിവർമ, മോഹൻലാൽ, മമ്മൂട്ടി, രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, സൽമാൻ ഖാൻ, കരീന കപൂർ, ബാഹുബലി, ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്–ബിൻ അൽ മഖ്തൂം എന്നിങ്ങനെ നീളുന്ന പ്രഗത്ഭരുടെ വലിയ പട്ടികയാണ് ഇവിടെയുള്ളത്. സുനിൽ കണ്ടനല്ലൂരാണ് ശില്പി.
വാക്സ് മ്യൂസിയത്തിലെ കലാവിരുന്ന് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ആശ്ചര്യകരമാണ്. മെഴുകുപ്രതിമകൾ കാണുന്നതിനൊപ്പം അവയ്ക്കൊപ്പം ചിത്രങ്ങളെടുക്കാനും ഇവിടെ അനുമതിയുണ്ട്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറര വരെയാണ് സുനിൽ വാക്സ് മ്യൂസിയം പ്രവർത്തിക്കുന്നത്. ടിക്കറ്റ് നിരക്ക് 100 രൂപ. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഇരുനൂറിലധികം മെഴുക് പ്രതിമകൾ നിർമിച്ച സുനിലിന് മഹാരാഷ്ട്രയിലെ ലോനവാലയിൽ സ്വന്തമായി മ്യൂസിയവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...