തിരുവനന്തപുരം: സംസ്ഥാനം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നരേന്ദ്ര മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നികുതി വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും നികുതി കുറയ്ക്കാൻ തയ്യാറാകേണ്ടത് കേന്ദ്രമാണെന്നും ബാലഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു.
നികുതിക്കായി കേന്ദ്രം പിരിക്കുന്ന സര്‍ചാര്‍ജും സെസും കേന്ദ്രം തന്നെയാണ് കവർന്നടുക്കുന്നത്. ഇതിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങള്‍ എങ്ങനെ കുറയ്ക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്രം പറയുന്നതെന്നും മന്ത്രി ചോദിച്ചു.
ജനങ്ങളുടെ ഭാരം കുറയ്ക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രി വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാള്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും ബാലഗോപാൽ വിമര്‍ശിച്ചു. ഇതിനെ കുറിച്ച് പറയേണ്ട വേദികളിൽ പ്രശ്നം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. ദേശതാത്പര്യം മുന്‍നിര്‍ത്തി അവർ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നികുതി കുറയ്ക്കാത്ത ഏഴു സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 11945 കോടി രൂപയാണ് അധികം സമ്പാദിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...