തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിൽ തുടരനേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിയുടെ പുറത്ത് വന്ന ശബ്ദരേഖ തന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിച്ചതാണെന്ന് സ്വപ്ന വെളിപ്പെടുത്തിട്ടുണ്ട്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നിൽ പൊലീസ് ഉന്നതരുടെ തലത്തിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വി ഡി സതീശൻ പ്രസ്താവനയിലൂടെ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയോ അറിയാതെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മുഖ്യമന്ത്രി നിരപരാധിയാണെന്ന തരത്തിലുള്ള ശബ്ദരേഖ നൽകുമെന്ന് കുരുതാനാകില്ല. മുഖ്യമന്ത്രി നിരപരാധിയാണെങ്കിൽ കള്ളക്കടത്ത് കേസ് പ്രതിയെ കൊണ്ട് അത് പറയിക്കേണ്ട കാര്യമില്ല. എന്തൊക്കെയോ പുറത്ത് വരുമെന്ന ഭയം ഉള്ളതുകൊണ്ടാണ് ഗൂഡാലോചന നടത്തി പ്രതിയെക്കൊണ്ട് അങ്ങനെ പറയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ALSO READ : Gold Smuggling Case : ശിവശങ്കറിന്റെ പുസ്തകം ശരി; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ തള്ളി ആനത്തലവട്ടം ആനന്ദൻ
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് വിളിച്ചാണ് സ്വപ്നയ്ക്ക് ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി നൽകിയതെന്നും വ്യക്തമായിരിക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ അന്വേഷണം എന്തായി? ശമ്പളം ഉത്തരവാദികളിൽ നിന്നും തിരിച്ച് പിടിക്കേണ്ടേ? ആരൊക്കെയാണ് ഇതിന് ഉത്തരവാദികൾ? ഇത്രയും സംഭവങ്ങൾ സ്വന്തം വകുപ്പിൽ നടന്നിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കോടതിയിൽനൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. അന്വേഷണം അങ്ങോട്ട് പോകാതെ എവിടെ വച്ചാണ് ഒത്തുതീർപ്പുണ്ടാക്കി അവസാനിപ്പിച്ചത്? ഒരു സുപ്രഭാതത്തിൽ എല്ലാ അന്വേഷണങ്ങളും അവസാനിച്ചില്ലോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
തെരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ പി നേതാക്കൾ തമ്മിലുണ്ടാക്കിയ ബാന്ധവത്തിന്റെ ഭാഗമായാണ് എല്ലാ അന്വേഷണങ്ങളും അവസാനിച്ചത്. ലൈഫ് മിഷനിൽ പാവങ്ങൾക്ക് വീട് വയ്ക്കാൻ സന്നദ്ധസംഘടന നൽകിയ 20 കോടി രൂപയിൽ 46 ശതമാനമാണ് കമ്മീഷനായി നൽകിയത്. ഇതിലൂടെ നഷ്ടമുണ്ടായത് സർക്കാരിനാണ്.
ALSO READ : Swapna Suresh vs Sivasankar | ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങൾ നൽകിട്ടുണ്ട് : സ്വപ്ന സുരേഷ്
ശിവശങ്കർ സർക്കാരിന്റെ നാവായി പ്രവർത്തിക്കുകയാണ്. അതിന് കൂട്ടു പ്രതിയിൽനിന്നും ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുകയാണ്. അന്വേഷണം വഴിതിരിച്ച് വിടാൻ ഇടപെട്ടു എന്നതുൾപ്പെടെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണം. സോളാർ കേസ് പ്രതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയുള്ളവർ സ്വർണക്കടത്ത് കേസിലെ പ്രതി നടത്തിയ വെളിപ്പെടുത്തൽ വിശ്വസനീയമല്ലെന്ന് പറയുന്നത് പ്രസക്തമല്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.