തൃശ്ശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം വേണ്ടെന്ന് വച്ചു.
ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്ന് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും വേണ്ടെന്ന് വച്ചിരിക്കുകയാണ്. 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ താന്ത്രിക ചടങ്ങുകള്‍ നടത്തും.
ദേവസം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ലോക്ക് ഡൌണ്‍ നീട്ടിയതോടെ മെയ് 2നു നടക്കാനിരുന്ന തൃശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ്-തിരുവമ്പാടി ദേവസങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
പേരിന് മാത്രം ആനയുടെ എഴുന്നള്ളിപ്പും മേളവും നടത്താനായിരുന്നു തീരുമാനമെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതുപോലും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളെല്ലാം ഇനി ഓണ്‍ലൈനായി നടത്താന്‍ സാധിക്കും. ലോക്ക് ഡൌണ്‍ പിന്‍വലിച്ച ശേഷം ദേവസം ഗസ്റ്റ് ഹൗസിലെ റൂമുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യാം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നിഷേധിച്ചിരുന്നു.
പൂജകളും ചടങ്ങുകളും സാധാരണ നിലയിലാണെങ്കിലും ഭക്തര്‍ക്ക് വഴിപാട് നടത്താനാകാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വഴി വഴിപാട് നടത്താന്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പുഷ്പാഞ്ജലി മുതല്‍ ഉദയാസ്തമന പൂജ വരെയുള്ള വഴിപാടുകള്‍ ഓണ്‍ലൈന്‍ ബുക്കി൦ഗ് വഴി നടത്താവുന്നതാണ്.
ലോക്ക് ഡൌണ്‍ മൂലം ക്ഷേത്രങ്ങള്‍ അടച്ചതോടെ വഴിപാടിലൂടെയും നടവരവിലൂടെയും ദേവസത്തിന് ലഭിച്ചിരുന്ന വരുമാനം നിലച്ചിരിക്കുകയാണ്. വഴിപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നത്തിലൂടെ ഇതിനൊരു പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൌണ്‍ പിന്‍വളിച്ച ശേഷവും ഓണ്‍ലൈന്‍ സംവിധാനം തുടരും.