ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ രവികൃഷ്ണന്‍ ജേതാവായി. നിരവധി തവണ ആനയോട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് രവികൃഷ്ണന്‍ ജേതാവാകുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആവേശം ഒട്ടും ചോരാതെയായിരുന്നു ആനയോട്ടം നടന്നത്. മൂന്ന് ആനകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പാരമ്പര്യ അവകാശി കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്റെ നേതൃത്വത്തില്‍ ആനകളെ അണിയിക്കുന്നതിനുള്ള കുടമണികള്‍ പാപ്പാന്മാര്‍ക്ക് എടുത്ത് നല്‍കി. നാഴികമണി മൂന്നടിച്ചതോടെ ക്ഷേത്രത്തിനകത്ത് നിന്ന് പാപ്പാന്മാര്‍ കുടമണികളുമായി ഓടിയെത്തി മജ്ഞുളാല്‍ പരിസരത്ത് വരിയായി നിന്നിരുന്ന ആനകളെ അണിയിച്ചു. തുടര്‍ന്ന് പാരമ്പര്യവകാശിയായ ഗുരുവായൂര്‍ ശശി മാരാര്‍ ശംഖ് മുഴക്കിയതോടെ ആനകള്‍ ഓടാന്‍ തുടങ്ങി. ഓട്ടത്തിന്റ തുടക്കത്തില്‍ തന്നെ രവികൃഷ്ണനായിരുന്നു മുന്നില്‍.
കിഴക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച രവികൃഷ്ണന്‍ ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം ചെയ്ത് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കി. പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ നാരായണ വാര്യര്‍ വിജയിയായ ആനയെ നിറപറവച്ച് സ്വീകരിച്ചു. രണ്ടാമതായി ദേവദാസും തൊട്ടുപുറകിലായി കൊമ്പന്‍ വലിയ വിഷ്ണുവും ഓടിയെത്തി. ഉത്സവചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ശ്രീബൂതബലി എഴുന്നള്ളിപ്പിന് രവികൃഷ്ണനാണ് ഭഗവാന്റെ തങ്കതിടമ്പേറ്റുക.
രവികൃഷ്ണന്‍ ഉത്സവം കഴിയുന്നത് വരെ പത്ത് ദിവസം പ്രത്യക പരിഗണനകളോടെ ക്ഷേത്രത്തിനകത്ത് കഴിയും. പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരനാണ് 2003 ജൂണ്‍ 25ന് രവികൃഷ്ണനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ടി.ശ്രീകുമാറാണ് 44 കാരനായ രവികൃഷ്ണന്റെ പാപ്പാൻ. ഓട്ടസമയത്ത് ശ്രീകുമാറാണ് പുറത്തിരുന്ന് ആനയെ നിയന്ത്രിച്ചത്. സി.പി.വിനോദ്കുമാര്‍, സി.വി.സുധീര്‍ എന്നിവരാണ് മറ്റു പാപ്പാന്മാര്‍.
കൊവിഡിനെ തുടര്‍ന്ന് ആനയോട്ടം കാണാനെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആയിരങ്ങളാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. കിഴക്കേനടയിലെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ജനങ്ങള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. റോഡിന് ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ കെട്ടിയാണ് കാണികളെ നിയന്ത്രിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...