ഡോക്‌ടേഴ്‌സ് ദിനത്തില്‍ ആരോഗ്യമന്ത്രിയുടെ സന്ദേശം...

ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കി ചരിത്രം കുറിച്ച ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ 1 ആണ് ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.   

Last Updated : Jul 1, 2020, 04:27 PM IST
ഡോക്‌ടേഴ്‌സ് ദിനത്തില്‍ ആരോഗ്യമന്ത്രിയുടെ സന്ദേശം...

ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കി ചരിത്രം കുറിച്ച ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ 1 ആണ് ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.   

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരു൦ ആരോഗ്യപ്രവര്‍ത്തകരും  കോവിഡിനെതിരെ പോരാടുന്ന അവസരത്തില്‍ ഈ  ഡോക്‌ടേഴ്‌സ് ദിനം ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ഈ അവസരത്തില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കോവിഡിനെതിരെ  പൊരുതാനും  ഡോക്‌ടേഴ്‌സ് നടത്തുന്ന  നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള നന്ദിയറിയിച്ചുകൊണ്ടും  സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദേശം  നല്‍കിയിരിയ്ക്കുകയാണ് 

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19നെതിരായി പൊരുതുന്ന സമയത്താണ് മറ്റൊരു ഡോക്‌ടേഴ്‌സ് ദിനം കടന്നു വരുന്നത്. ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥ സേവനം നല്‍കുന്ന ഡോക്ടര്‍മാരെ ആദരിക്കുകയും സമൂഹത്തില്‍ അവരുടെ ആവശ്യകതയും പ്രസക്തിയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നതിനാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്നിന് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കി ചരിത്രം കുറിച്ച ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ 1 ആണ് ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

ഡോക്ടര്‍മാരുടെ സേവനത്തിന്‍റെ  മഹാത്മ്യം സമൂഹത്തിന് ഏറ്റവും കൂടുതല്‍ ബോധ്യപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നത്. കോവിഡ്-19 ബാധിതരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും നോക്കാതെ രാവുംപകലുമില്ലാതെ പോരാടുവാന്‍ നേതൃത്വം നല്‍കുന്നവരാണ് ഡോക്ടര്‍മാര്‍. കോവിഡ്-19 മഹാമാരി ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ മുന്നൊരുക്കം നടത്താന്‍ നമുക്കായി. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. രോഗ പകര്‍ച്ചയുടെ നിരക്കും മരണ നിരക്കും കുറയ്ക്കാനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിഞ്ഞു. രോഗബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്‍റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക  വ്യാപനവും മരണനിരക്കും പരമാവധി കുറയ്ക്കാന്‍ സാധിച്ചു. സമ്പര്‍ക്ക   വ്യാപനം 12 ശതമാനത്തില്‍ താഴെയും മരണ നിരക്ക് 0.53 ശതമാനവും ആക്കാന്‍ സാധിച്ചു.

കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കോവിഡിന്‍റെ  അടുത്ത ഘട്ടത്തില്‍ സേവനത്തിനായി പല സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും മുന്നോട്ട് വന്നിട്ടുണ്ട്. കോവിഡിനെ അതിജീവിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി പൊരുതുക തന്നെ ചെയ്യും. വെല്ലുവിളികള്‍ അതിജീവിച്ച്‌ നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിക്കായി നിരന്തരം പോരാടുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ വകുപ്പിന്റേയും സര്‍ക്കാരിന്റേയും ആദരവ്, സര്‍ക്കാര്‍ ഒപ്പമുണ്ട്. 

Trending News