തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊവിഡ് പശ്ചാത്തലം, ശക്തമായ മഴ എന്നിവ കണക്കിലെടുത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന വിധമുള്ള മാനസിക സേവനങ്ങളാണ് നല്‍കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ എല്ലാ ജില്ലകളിലും മാനസികാരോഗ്യ സംഘങ്ങളെ രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ഇതുവരെ 41 ക്യാമ്പ് സന്ദര്‍ശനങ്ങളും നിരവധി ഭവന സന്ദര്‍ശനങ്ങളും നടത്തി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ 333 പേര്‍ക്ക് ഗ്രൂപ്പ് തെറാപ്പി സെഷനുകളും ആവശ്യമുള്ള 61 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും നല്കിയിയിട്ടുണ്ട്. 23 പേര്‍ക്ക് ഔഷധ ചികിത്സയും ആരംഭിച്ചു. ഇനിയും സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നല്കുവാന് ടീമുകളെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തിയത്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സിലേഴ്സ്, നഴ്സുമാര്‍ എന്നിവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ദുരന്തത്തില്‍പ്പെട്ടവരെ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഈ ടീമുകള്‍ പ്രധാനമായും ശ്രദ്ധിച്ചത്.
ലഹരി വസ്തുക്കളുടെ ഉപയോഗവും അവയുടെ ലഭ്യതക്കുറവ് മൂലവും ‘വിത്ത്ഡ്രാവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നല്കി വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് പോയപ്പോള്‍ ഭവന സന്ദര്‍ശന സേവനങ്ങള്‍ക്കായി പ്രത്യേക ടീമുകളേയും സജ്ജമാക്കി. മാനസിക പ്രശ്നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിനു പുറമേ ദിശയുടെ 1056 വഴിയും സേവനം ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...