തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വിവിധയിടങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴയുണ്ടാകും.കാലവർഷം എത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് പെരുമഴയാണ്. മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും അതിതീവ്ര മഴ പെയ്തേക്കും.
ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മാത്രമാണ് മഞ്ഞ അലർട്ടുള്ളത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാടും, കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരും എന്നുള്ള മുന്നറിയിപ്പ് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പുകളിൽ ലഭ്യമാക്കിയിട്ടുള്ളത്.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം ഇന്ന് എത്തിച്ചേരാനും സാധ്യതയുണ്ട്. കാലവർഷം എത്തും മുൻപേ പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളം കയറി. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷന് മുൻവശം, എം.ജി റോഡ്, മരട് ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. തെക്കൻ ജില്ലകളിൽ ചെറിയ തോതിൽ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. മരം വീണ് വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര പുലമൺ തോട് കരകവിഞ്ഞൊഴുകി.
കരമന കിള്ളിയാറിന്റ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകൾ ഉയർത്തി. വിഴിഞ്ഞത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിനായി പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ തമിഴ്നാട്ടിലെ സമീപം തേങ്ങാപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിൽ കൊല്ലത്ത് മൂന്നു വീടുകൾ ഭാഗികമായി തകർന്നു. സംസ്ഥാനത്ത് ആകെ 7 വീടുകളാണ് മഴയിൽ ഭാഗികമായി തകർന്നത്.
ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ ഇന്ന് പുലർച്ചെ വരെ പലയിടങ്ങളിലും നീണ്ടുനിന്നു. മലയോര മേഖലകളിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ആവശ്യമുണ്ടെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ജനങ്ങൾ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ജില്ലാ കളക്ടർമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിതുരയിൽ 111 പേരെ മാറ്റിപ്പാർപ്പിച്ചു. 81 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. തെക്കൻ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും പരക്കെ മഴ പെയ്യുന്നുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...