ശക്തമായ മഴയെത്തുടര്‍ന്ന് തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചു

  

Last Updated : Jun 11, 2018, 03:41 PM IST
ശക്തമായ മഴയെത്തുടര്‍ന്ന് തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മഴക്കെടുതിയും നാശനഷ്ടവും വര്‍ധിക്കുന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചരിക്കുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചു. ഇന്ന് ഉച്ച മുതല്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.

മലങ്കര ഡാമിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്‍റെയും മൂവാറ്റുപുഴയാറിന്‍റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. 

തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്‍റെ അളവ് എത്തി. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്. അതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Trending News