സംസ്ഥാനത്ത് കാലവർഷം രൂക്ഷം; മഴകെടുതിയിൽ മരണം ഏഴ് കവിഞ്ഞു

  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും വയനാട് കളക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍തുറന്നിട്ടുണ്ട്.  

Last Updated : Jun 10, 2018, 09:09 AM IST
സംസ്ഥാനത്ത് കാലവർഷം രൂക്ഷം; മഴകെടുതിയിൽ മരണം ഏഴ് കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം  ശക്തം.  മഴകെടുതിയിൽ ഏഴ്പേർ മരിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, ആലപ്പുഴ തലവടി സ്വദേശി വിജയകുമാര്‍, കോഴിക്കോട് ചാലിയം സ്വദേശി ഖദീജ, കാസര്‍ഗോഡ് ദേലംപാടി സ്വദേശി ചെനിയ നായ്ക്ക്, കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഫാത്തിമ, കണ്ണൂർ തലവിൽ സ്വദേശി ഗംഗാധരൻ, ബാലരാമപുരം സ്വദേശി പൊന്നമ്മ എന്നിവരാണ് മഴക്കെടുതിയില്‍മരിച്ചത്. കുടകിൽ മലയാളി വ്യവസായിയും മരിച്ചു.

തിരുവന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ക്ക് പരിക്കേറ്റു. കാലവര്‍ഷത്തില്‍നിരവധി നാശനഷ്ടങ്ങള്‍സംസ്ഥാനുണ്ടായി. അന്‍പതിലേറെ വീടുകള്‍പൂര്‍ണ്ണമായി തകര്‍ന്നു. 120 വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി കുഞ്ചിത്തണ്ണി ഈട്ടി സിറ്റിയിൽ വൻ തോതിൽ മലയിടിച്ചിലുണ്ടായി. മണ്ണു വീണ് ആനച്ചാൽ കുഞ്ചിത്തണ്ണി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.  മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കാനും റവന്യൂ അധികൃതർ നിർദ്ദേശം നൽകി. മൂന്നാര്‍ പള്ളിവാസല്‍ രണ്ടാം മൈലിന് സമീപം വരട്ടയാറിൽ ഉരുള്‍പൊട്ടി.

മഴ തുടർച്ചയായി പെയ്തതോടെ കല്ലാർകുട്ടി ഡാം തുറന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാൽ മണിയാര്‍ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടന്നും പമ്പാ നദിയുടേയും കക്കാട് ആറിന്‍റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും വയനാട് കളക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍തുറന്നിട്ടുണ്ട്.  സംസ്ഥാനത്ത് 12 മുതൽ 20 സെ.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്കുള്ള ജാഗ്രതാ നി‍ദ്ദേശവും തുടരുകയാണ്.

Trending News