തുടരുന്ന മഴ: കൂടുതല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

വിവിധ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയത്.

Last Updated : Jun 13, 2018, 08:28 PM IST
തുടരുന്ന മഴ: കൂടുതല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയത്.

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇവിടെനിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

എറണാകുളം കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുണ്ടായ അപകടത്തെത്തുടര്‍ന്ന്‍ രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു.

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നാളെ അവധിയായിരിക്കും. കോട്ടയം നഗരസഭ, അര്‍പ്പൂക്കര, അയ്മനം, കുമരകം, മണര്‍കാട്, തിരുവാര്‍പ്പ്, വിജയപുരം പഞ്ചായത്തുകളിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Trending News