ഇടുക്കി: മുല്ലപ്പെരിയാറിൽ (Mullaperiyar) നിന്നുള്ള വെള്ളമെത്തുന്നതോടെ ഇടുക്കി ഡാമും തുറന്നേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ തുറന്നു. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാലും ഇടുക്കി ഡാമിൽ (Idukki dam) 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. എന്നാൽ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കാനാണ് സാധ്യത.
രാവിലെ ഏഴരയോടെയാണ് അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്പില്‍വേയുടെ മൂന്ന്, നാല് ഷട്ടറുകൾ ഉയർത്തിയത്. 0.35 മീറ്റര്‍ വീതമാണ് ഷട്ടറുകൾ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ തുറക്കുമ്പോൾ ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. ശേഷം വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഒമ്പത് മണിയോടെയാണ് ഇടുക്കി ഡാമിൽ ജലമെത്തുക.
ALSO READ: Kerala Rain Alert: ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സെക്കന്‍ഡില്‍ 2335 ഘനയടി വെള്ളം തമിഴ്നാട് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയില്‍ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവില്‍ 2398.30 അടിയാണ്. നിലവിലെ റൂള്‍ കര്‍വ് 2398.31 അടിയായതിനാല്‍ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാന്‍ സാധ്യതയുണ്ട്. ഇടുക്കി ജില്ലാ കലക്ടര്‍ അണക്കെട്ട് തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. വെള്ളമൊഴുകുന്ന പ്രദേശത്തുള്ള 350 കുടുംബങ്ങളെ രണ്ട് ക്യാമ്പുകളിലേക്കായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...