മുന്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

ജേക്കബ് തോമസിന്‍റെ കഴിഞ്ഞ സസ്‌പെന്‍ഷന്‍ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു പുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇന്നലെ തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.  

Last Updated : Dec 21, 2018, 08:40 AM IST
മുന്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കേ ഡ്രജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ സസ്‌പെന്‍ഷന്‍. ഇതുസംബന്ധിച്ച അന്വേഷണത്തിന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

ജേക്കബ് തോമസിന്‍റെ കഴിഞ്ഞ സസ്‌പെന്‍ഷന്‍ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു പുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇന്നലെ തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആറു മാസത്തേക്കാണ് സസ്പെന്‍ഷന്‍.

ഒരു വര്‍ഷം മുന്‍പാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്‍റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരിലായിരുന്നു അത്. ആറ് മാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ വന്നു.

രണ്ടാഴ്ച മുന്‍പ് ജേക്കബ് തോമസിന്‍റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതിനിടെയാണ് ഇപ്പോള്‍ മൂന്നാമതും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം, ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നീട്ടണമെങ്കില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്രാനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി അയക്കുന്നത്.

Trending News