തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ മകനും തങ്ങളുടെ ചാനലിൽ ഓഹരിയുണ്ടെന്ന ജനം ടിവി ചാനൽ ചീഫ് എഡിറ്റർ ജി. കെ. സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ പുതിയ വിവദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഎം ആയുധമാക്കിയിരുന്നു മാത്രമല്ല സ്വപ്നയ്ക്ക് ജനം ടിവിയിൽ ഓഹരിയുണ്ടെന്നും ആരോപണം ഉണ്ടായി.
Also read: ''സ്വർണ്ണക്കള്ളക്കടത്ത് പുറത്തുവന്നതിന്‍റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീർക്കുന്നത്''
അതോടെയാണ് ഇങ്ങനൊരു വെളിപ്പെടുത്തലുമായി ചാനൽ ചീഫ് എഡിറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബിജെപി-സിപിഎം ബന്ധം പുറത്തായി എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 'സ്വപ്നയ്ക്ക് ജനം ടിവിയിൽ ഓഹരി ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും ഒരു സാമൂഹ്യദ്രോഹിക്കും ജനത്തിൽ ഓഹരിയില്ലെന്നും ഓരോരുത്തരുടേയും പശ്ചാത്തലം പരിശോധിച്ച ശേഷമാണ് ഓഹരി നല്കിയിട്ടുള്ളതെന്നും സുരേഷ് ബാബു പറഞ്ഞു.
ദേശീയ താൽപര്യമുള്ളവർ മാത്രമാണ് ഇതിൽ പങ്കാളിയായതെന്നും 5300 ഷെയർ ഹോൾഡേഴ്സുണ്ട്. ഇതിൽ കൂലിപ്പണിയെടുക്കുന്നവർ മുതൽ ഐടി പ്രഫഷണലുകൾ വരെയുണ്ടെന്നും സിപിഎമ്മുകാരുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിനിടയിലാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മകനും ഷെയർഹോൾഡറാണ് എന്ന് ജി. കെ. സുരേഷ് ബാബു പറഞ്ഞത്.
ജനം ഏതെങ്കിലും പാർട്ടിയുടെ ചാനലോ അല്ലെങ്കിൽ ആരുടെയെങ്കിലും നിയന്ത്രണത്തിലോ അല്ല പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ബാബു ജനം ബിജെപി ചാനലല്ലെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയോടും യോജിച്ചു.