Jesna missing case: ജെസ്ന തിരോധാന കേസ്; അച്ഛന്റെ ഹര്‍ജി അംഗീകരിച്ചു, തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

 Court announced further investigation in Jesna missing case: ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 10, 2024, 01:04 PM IST
  • 2018 മാർച്ചിലാണ് ജസ്നയെ കാണാതാകുന്നത്.
  • ആദ്യം ലോക്കൽ പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐയും കേസന്വേഷിച്ചു.
  • ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സ്വന്തം നിലയ്ക്ക് ചില അന്വേഷണം നടത്തിയിരുന്നു.
Jesna missing case: ജെസ്ന തിരോധാന കേസ്; അച്ഛന്റെ ഹര്‍ജി അംഗീകരിച്ചു, തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് നിർദ്ദേശം. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണം.

ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സ്വന്തം നിലയ്ക്ക് ചില അന്വേഷണം നടത്തിയിരുന്നു. ഇതിൽ ചില നിർണായക തെളിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് സമർപ്പിച്ച ഹർജിയിൽ വീണ്ടും അന്വേഷണം നടത്താനാണ് സിബിഐ എസ്പിക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 2018 മാർച്ചിലാണ് ജസ്നയെ കാണാതാകുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐയും കേസന്വേഷിച്ചു. ആറ് മാസം മുൻപ് അന്വേഷണ സംഘം ജെസ്നയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച് ക്ലോഷ്യർ റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, പിതാവ് റിപ്പോർട്ടിനെ എതിർത്ത് രംഗത്തു വരികയായിരുന്നു.

ALSO READ: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

2023 ഡിസംബറിലും 2024 ജനുവരിയിലും ഫെബ്രുവരിയിലും പിതാവ് സ്വന്തം നിലയ്ക്ക് ചില കാര്യങ്ങൾ അന്വേഷിച്ചുവെന്നും അതിൽ നിന്ന് ചില നിർണായക തെളിവുകൾ ലഭിച്ചുവെന്നും ജെയിംസ് ജോസഫ് കോടതിയിൽ ഹാജരാക്കിയ ഹർജിയിൽ വ്യക്തമാക്കുന്നു. ജെസ്ന വീട്ടിൽ നിന്നിറങ്ങി എരുമേലിക്കും മുണ്ടക്കയത്തിനും സമീപമെത്തുന്നു. അവിടെ വച്ച് ജെസ്നയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ ഒരു അജ്ഞാത സുഹൃത്തുണ്ടെന്നും ജെയിംസ് ജോസഫ് സംശയിക്കുന്നു. എല്ലാ വ്യാഴാഴ്ചയും വീടിന് സമീപത്തെ പ്രാർഥനാ കേന്ദ്രത്തിൽ ജെസ്ന പോകാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കേന്ദ്രത്തിൽ വെച്ചാണ് അജ്ഞാത സുഹൃത്തുമായി അടുപ്പം സ്ഥാപിച്ചതെന്നും പിതാവിന് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 

ഇത് കൂടാതെ ജെസ്‌ന കാണാതായപ്പോൾ ഗർഭിണിയായിരുന്നു എന്നതിലും സംശയമുണ്ട്. കാണാതാകുന്നതിന് ഒരാഴ്ച മുൻപ് സ്വകാര്യ ആശുപത്രിയിൽ വയറുവേദന എന്നു പറഞ്ഞ് ചികിത്സ തേടിയിരുന്നു. എന്നാൽ വയറുവേദന ആയിരുന്നില്ലെന്നും ജെസ്നയെ കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ടിരുന്നുവെന്നും പിതാവ് വ്യക്തമാക്കുന്നു. സാധാരണ ഗതിയിൽ പെൺകുട്ടികൾക്ക് ഉണ്ടാകാറുള്ള ആർത്തവമല്ലെന്നും ഈ അജ്ഞാത സുഹൃത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ജെസ്ന ഗർഭിണിയാകാനുള്ള സംശയം ഉണ്ടെന്നും ജെയിംസ് ജോസഫ് സംശയിക്കുന്നു. 

അന്വേഷണം വേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നേരത്തെ കേസ് പരിഗണിച്ച സമയത്ത് കോടതി ചോദിച്ചിരുന്നു. അങ്ങനെ തനിക്കുണ്ടായ സംശയങ്ങൾ ലഭിച്ചിട്ടുള്ള സൂചനകൾ, വിവരങ്ങൾ എന്നതിന്റെ അടിസ്ഥാനത്തിൽ സീൽഡ് കവറിൽ പിതാവ് തെളിവുകൾ ഹാജരാക്കി. പിന്നാലെ തെളിവുകളും സിബിഐയുടെ അന്വേഷണ ഡയറിയുമായി കോടതി ഒത്തുനോക്കി. പിതാവ് പറഞ്ഞിരുന്ന കാര്യങ്ങളിൽ കേസിൽ അന്വേഷണം നടന്നതായി കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന നിഗമനത്തിലേക്ക് കോടതിയെത്തിയത്.

ജെയിംസ് ജോസഫ് കോടതിയിൽ പറഞ്ഞിരിക്കുന്ന ഹർജിയിൽ പ്രധാനമായുമുള്ളത് ആറ് മാസം കൂടിയെങ്കിലും താൻ മുന്നോട്ടുവെച്ച കാര്യങ്ങളിൽ അന്വേഷണം വേണമെന്നുള്ളതാണ്. ആറ് മാസം കൊണ്ട് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ കിട്ടാത്ത സാഹചര്യം വന്നാൽ തെളിവുകൾ ലഭിക്കാത്ത കേസായി അറിയിച്ച് കേസന്വേഷണം അവസാനിപ്പിച്ചാലും തനിക്ക് എതിർപ്പുകളില്ലെന്നും പിതാവ് പറയുന്നു. തുടർന്ന്, ഇത് കോടതി അംഗീകരിച്ചു. അഞ്ച് വർഷത്തോളമായി പ്രധാനപ്പെട്ട ഏജൻസികൾ അന്വേഷിച്ച കേസിലാണ് കോടതി വീണ്ടും തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News