തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി കെ.മുരളീധരൻ. എം.പി.ഗുജറാത്ത് മോഡൽ പഠിക്കാൻ കേരള സംഘം പോയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഗുജറാത്തിനെ കണ്ട് പഠിക്കുന്നത് കേരളത്തിന് അപകടകരമാണെന്നും അത്തരം നീക്കങ്ങളിൽ നിന്ന് സംസ്ഥാനം പിന്മാറണമെന്നും മുരളീധരൻ പറഞ്ഞു. നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിന്റെ പ്രസ്താവനയോടെ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കാനം രാജേന്ദ്രനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. പോലീസ് എഐഎസ്എഫ് കാരെയും ചുംബിക്കുന്നത് കാനം മറക്കരുതെനായിരുന്നു പ്രതികരണം.
നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിന്റെ പ്രസ്താവന തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. അന്ന് ഇടത് വലത് മുന്നണികൾ ഇതിനെ എതിർത്തു. ഈ പ്രസ്താവനയോടെ ന്യൂനപക്ഷ ഏകീകരണമുണ്ടായി. ഇത് ആ ഘട്ടത്തിൽ എൽഡിഎഫിന് ഗുണം ചെയ്തു. കേരളത്തെ ഗുജറാത്താക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മോദി - പിണറായി കൂടിക്കാഴ്ചയിൽ സംസാരിച്ചത് എന്തെന്ന് അറിയാൻ അവകാശമുണ്ട്. ഗുജറാത്തിലെ ബിജെപി സർക്കാർ മതേതര മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നവരാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് 28 അകമ്പടി വാഹനങ്ങളും ആംബുലൻസുമാണുള്ളത്. പ്രത്യക്ഷ ധൂർത്താണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അസുഖം എന്തെന്ന് അറിയാൻ ആകാംക്ഷയുണ്ട്. ഇടയ്ക്കിടെ വിദേശത്ത് പോകുമ്പോൾ പകരക്കാരില്ലെന്നും മുരളീധരൻ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ പ്രസ്താവനയിലും മുരളീധരൻ വിമർശനമുന്നയിച്ചു. പോലീസ് AISFകാരെയും ചുംബിക്കുന്നത് കാനം രാജേന്ദ്രൻ മറക്കരുത്. പിണറായിയുടെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വട്ട പൂജ്യമാണെന്നും മുരളീധരൻ വ്യക്തമാക്കി.
ജനാധിപത്യ ബോധം നിലനിൽക്കുന്നത് കൊണ്ടും സംസ്ഥാന നേതാക്കൾക്കിടയിൽ തർക്കം നിലനിൽക്കുന്നതു കൊണ്ടുമാണ് ബിജെപി വളരാത്തത്. ബിജെപി നാളെ കേരളത്തിൽ വളരില്ലെന്നു പറയാനാവില്ലെന്നും മുരളീധരൻ പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കണം. അല്ലെങ്കിൽ ബംഗാളും ത്രിപുരയും ആവർത്തിക്കും. കോടിയേരിയുടെ ലേഖനത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിനിൽ അലംഭാവമുണ്ടായി. തിരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്. ഇതിനു മുൻപ് പ്രശാന്ത് കിഷോറുണ്ടായിട്ടല്ല കോൺഗ്രസ് അധികാരത്തിൽ വന്നതെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. പാർട്ടി ഭരണഘടന മാറ്റുക സാധ്യമല്ലെന്നും പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിലേക്ക് മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ നിലപാട് വ്യക്തമാക്കി. വടകരയ്ക്ക് ഒരു കുഴപ്പവുമില്ല. നിയമസഭയിലേക്ക് മത്സരിക്കാൻ പറഞ്ഞാൽ വട്ടിയൂർകാവിലാകും മത്സരിക്കുകയെന്നും ലോക്സഭയിലേക്ക് മത്സരിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ കാരണം ഒരു ഉപതിരഞ്ഞെടുപ്പ് ഇനി ഉണ്ടാകില്ല. പാർട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ അതിലും തനിക്ക് വലിയ കുഴപ്പമില്ല. തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കും. മണ്ഡലത്തിൽ പി ടി തോമസിൻ്റെ കുടുംബാംഗമാണോ മത്സരിക്കുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...