തിരുവനന്തപുരം: പ്രധാനമന്ത്രിയുടേത് ഗുരു നിന്ദയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീനാരായണ ഗുരുവിൽ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഗുരുവിനെ നിന്ദിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നത്. മോദി ഗുരുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭാരതീയ സംസ്കാരവും മൂല്യവും ഹിന്ദുത്വ അജൻഡയുടേതാണ്. അതിന്റെ ഭാഗമായാണ് ശ്രീനാരായണ തീർഥാടന കേന്ദ്രം വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല, ഏക ഭാരതം, ശ്രേഷ്ഠഭാരതം എന്ന ചൈതന്യമുണർത്തുന്ന സ്ഥാപനമാണെന്ന, പ്രത്യക്ഷത്തിൽ ഭംഗിവാക്കെന്ന് തോന്നിപ്പിക്കുന്ന അഭിപ്രായം മോദിയിൽ നിന്നും ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.
ഏകഭാരതം ശ്രേഷ്ഠഭാരതം എന്നത് ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള വാതിലാണ്. ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ മാനവദർശനം സ്വീകരിക്കാനാകില്ലെന്നത് പകൽപോലെ വ്യക്തമാണ്. അതിനാലാണ് ഗുരുവിനെ റാഞ്ചി തീവ്രവർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയതെന്നും കോടിയേരി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...