പമ്പ: ശബരിമല ദര്‍ശനത്തിനായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല യാത്രതിരിച്ചു. പേരക്കുട്ടികള്‍ക്കൊപ്പമാണ് ശശികലയുടെ യാത്ര. താനിപ്പോള്‍ അച്ചമ്മയായിട്ടാണു മല കയറുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, താന്‍ പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്നും, കുട്ടികള്‍ കൂടെയുള്ളതുകൊണ്ടാണു വിട്ടുവീഴ്ചയ്ക്കു തയാറായതെന്നും അവര്‍ പറഞ്ഞു.
അതേസമയം, പൊലീസ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ശശികല അംഗീകരിച്ചാണ് ശശികലയുടെ യാത്ര.
പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, മാര്‍ച്ച്, മറ്റ് ഒത്തു കൂടലുകള്‍ നടത്തരുതെന്നാവശ്യപ്പെട്ടുള്ള നോട്ടീസില്‍ ആണ് ശശികലയോട് പോലീസ് ഒപ്പിടാന്‍ പറഞ്ഞത്. കൂടാതെ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളോട് ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും ശശികലയില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഭക്തര്‍ക്ക് യാതൊരുവിധ തടസ്സവും ഉണ്ടാക്കരുതെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനും സാധിക്കില്ല. എസ്പിയാണ് കെ.പി.ശശികലയില്‍ നിന്ന് നോട്ടീസ് ഒപ്പിട്ടു വാങ്ങിയത്.
ഈ നിര്‍ദേശങ്ങള്‍ ആദ്യം അംഗീകരിക്കില്ലെന്നു നിലപാടെടുത്ത ശശികല പിന്നീട് അംഗീകരിച്ചതായി ഒപ്പിട്ടു നല്‍കി. തുടര്‍ന്നാണു യാത്രയ്ക്ക് അനുമതി നല്‍കിയത്.