കോഴിക്കോട്: മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
കോഴിക്കോട് നടന്ന പത്രസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്‍റെ ഈ പരാമര്‍ശം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്ത സത്യാഗ്രഹത്തിനെ വിമര്‍ശിച്ചാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.
നേതാക്കളുടെ ഈ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇടുമുന്നണികള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മാത്രമല്ല കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി തന്‍റെ സ്ഥാനം രാജിവെച്ചിട്ടുവേണം സമരം ചെയ്യാനെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധികാരത്തിലിരുന്നുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തിരിയുന്നത് ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.
മുസ്ലിം വോട്ടിനായുള്ള മല്‍സരമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതെന്ന് പരിഹസിച്ച അദ്ദേഹം പിണറായി വിജയന്‍റെ നേതൃത്വം അംഗീകരിച്ചതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി നഷ്ടമായെന്നും കൂട്ടിച്ചേര്‍ത്തു.