കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്ത (Karipur flight crash) വുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍....
18 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ (Air India) എക്സ്‌പ്രസ് വിമാനം എത്തുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ (IndiGo) വിമാനത്തിനും ലാന്‍ഡുചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇന്‍ഡിഗോ വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളുരുവില്‍ നിന്നുളള ഈ വിമാനം എയര്‍പോര്‍ട്ടിനോട് അടുക്കുമ്പോള്‍തന്നെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും ഒടുവില്‍ സുരക്ഷിതമായി ലാന്‍ഡുചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാതിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിയ്ക്കുന്നത്.
ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ വിമാന ദുരന്തത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തല്‍.
Also read: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ യുടെ വിലക്ക്!
അതേസമയം, വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, എഎഐബി (AAIB) വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ബോയിങ് 737 വിമാനത്തിലെ ഡെസിഗ്നേറ്റഡ് എക്സാമിനര്‍ ആയ ക്യാപ്റ്റന്‍ എസ്‌എസ് ചാഹറിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കേണ്ടതെന്നും എഎഐബി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഓപ്പറേഷന്‍ വിദഗ്ധന്‍, ബോയി൦ഗ് 737 വിമാനത്തിന്‍റെ സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്‌ധന്‍, എഎഐബിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
അഞ്ച് മാസത്തിനുള്ളില്‍ സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.