ഹരിപ്പാട്: രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ ഇനി 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. അംഗരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് മുട്ടം സ്വദേശിനി കാര്‍ത്ത്യാനിയമ്മ. തൊണ്ണൂറ്റിയാറാം വയസ്സിലായിരുന്നു റാങ്ക് നേട്ടം. റാങ്ക് ലഭിച്ചതിനെതുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കാർത്യായനി അമ്മയ്ക്ക് അഭിനന്ദനം അർപ്പിക്കാൻ എത്തിയിരുന്നു.
അക്കൂട്ടത്തിൽ കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യവും കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ ജീവിതവും പഠനരീതികളുമെല്ലാം വിശദമായി
മനസ്സിലാക്കി, ചിത്രങ്ങളും ശേഖരിച്ചു. തുടര്‍ന്ന്, കോമണ്‍വെല്‍ത്തിന്റെ ഉപഹാരം സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇതേ തുടര്‍ന്നാണ് ഗുഡ് വില്‍ അംബാസിഡര്‍ പദവി കാര്‍ത്യായനിയമ്മയെ തേടിയെത്തുന്നത്.
കാര്‍ത്യായനിയമ്മയുടെ വിജയഗാഥ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളില്‍ പുറത്തിറക്കുന്ന ജേര്‍ണലുകളില്‍ പ്രായത്തെ തോല്‍പ്പിച്ചുള്ള റാങ്ക് നേട്ടം പ്രസിദ്ധീകരിക്കാനും നടപടി തുടങ്ങിയിരിക്കുകയാണ്.
സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായാണ് അക്ഷരലക്ഷം പരീക്ഷ നടത്തുന്നത്. ഇത് വിജയിച്ചാല്‍ നാലാം ക്ലാസ് പരീക്ഷ എഴുതാം. കാര്‍ത്യായനിയമ്മ ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷകളെഴുതി പത്ത് കടക്കുമെന്നാണ് കാര്‍ത്യായനിയമ്മ പറയുന്നത്.
റാങ്ക് നേട്ടത്തിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പങ്കുവച്ച കാര്‍ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു. ഇപ്പോള്‍ കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടര്‍ പഠനം ആരംഭിച്ചിരിക്കുകയാണ്. സാക്ഷരതാ പ്രേരക് സതിയാണ് സാക്ഷരതാ മിഷന്‍ പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചേപ്പാട് വില്ലേജിൽ മുട്ടം എന്ന ഗ്രാമത്തിലാണ് ഈ മുത്തശ്ശിയുടെ വീട്. രണ്ട് വർഷം മുമ്പ് മകൾ അമ്മിണി സാക്ഷരതാ ക്ലാസ്സിൽ പോയി പഠിച്ചതാണ് കാർത്യായനി അമ്മയ്ക്ക് പ്രചോദനമായത്.
അഞ്ചാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് ചെറുമക്കളുണ്ട് കാർത്യായനി അമ്മയ്ക്ക്. പഠനത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരോടിയെത്തുമെന്ന് കാർത്യായനി അമ്മ പറയുന്നു. നല്ല അസ്സലായി പാട്ട് പാടുകയും ചെയ്യും ഈ മുത്തശ്ശി.
വളരെ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചയച്ചത് കൊണ്ട് പഠിക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്ന ഒരു സാഹചര്യം ഒത്തുവന്നപ്പോൾ അത് പ്രയോജനപ്പെടുത്തുന്നതിൽ മാത്രമാണ് കാർത്യായനി അമ്മയുടെ ശ്രദ്ധ.
പഠനത്തില്‍ പിന്നോട്ട് പോകുന്ന കുട്ടികള്‍ക്ക് ശരിക്കും ഒരു പ്രചോദനമാണ് ഈ മുത്തശ്ശി. മാത്രമല്ല പ്രായം പഠിത്തത്തിന് ബാധകമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മുത്തശ്ശിയെന്നതില്‍ സംശയമില്ല.