ആരോഗ്യ വകുപ്പിന് വീഴ്ച: കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കൊവിഡ്. പരീക്ഷയെയുത്താനെത്തിയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളും അധ്യാപകരും നിരീക്ഷണത്തില്‍
പാലക്കാട്: കീം (KEAM) പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കൊട് സ്വദേശിയായ അദ്ധ്യാപികയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. പരീക്ഷ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ തമിഴ് നാട്ടില്‍ പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവര്‍ നിരീക്ഷണത്തില്‍ പോയിരുന്നില്ല. ഇവിടെ നിന്നുമാകാം അദ്ധ്യാപികയ്ക്ക് കോവിഡ് ബാധ ഉണ്ടായത് എന്നാണ് അനുമാനം.
സംസ്ഥാന അതിര്‍ത്തി കടന്നുള്ള യാത്രകള്‍ 48 മണിക്കൂറില്‍ താഴെ സമയമെടുത്താണെങ്കില്‍ നിരീക്ഷണത്തില്‍ പോകേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 14ന് തമിഴ് നാട്ടില്‍ പോയ ഇവര്‍ 16 ന് ആണ് പരീക്ഷാ ഡ്യൂട്ടി എടുത്തത്.
അദ്ധ്യാപികയുടെ അച്ഛനും ബന്ധുവും തമിഴ് നാട്ടിലെ തിരൂപ്പൂരില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായപ്പോഴാണ് 17ന് കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. തുടര്‍ന്ന് അദ്ധ്യാപികയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കഞ്ചിക്കോട് പരീക്ഷയെഴുതാ നെത്തിയ 40 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു.
ആരോഗ്യ വകുപ്പിന് സംഭവിച്ച വലിയ വീഴ്ചയാണ് സംഭവം തെളിയിക്കുന്നത്.
അതേസമയം, കീം പരീക്ഷയെഴുതിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം കോവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.