രണ്ടരമാസത്തെ പ്രചാരണഘോഷങ്ങള്‍ക്കും രണ്ടുദിവസത്തെ ഉദ്വേഗങ്ങള്‍ക്കും വിരാമമിട്ട് കേരള നിയമ സഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയും. പ്രചാരണത്തിന് ഇക്കുറി പാര്‍ട്ടികള്‍ പ്രഫഷനല്‍ ഗ്രൂപ്പുകളെയും ആശ്രയിച്ചു. മൂന്ന് മുന്നണികളുടെയും മുദ്രാവാക്യങ്ങള്‍ ഈ ഏജന്‍സികളാണ് രൂപപ്പെടുത്തിയത്. ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകു’മെന്ന് ഇടതുമുന്നണിയും ‘വളരണം ഈ നാട് തുടരണം ഈ ഭരണം’ എന്ന് യു.ഡി.എഫും
‘വഴിമുട്ടിയ കേരളത്തിന് വഴികാട്ടാന്‍ ബി.ജെ.പി’ എന്ന് എന്‍.ഡി.എയും നാടാകെ പ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളടക്കം ഉപയോഗിച്ച് പ്രചാരണം കൊഴുപ്പിച്ചു.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ യന്ത്രങ്ങളിലെ വോട്ടും എണ്ണും. ആദ്യ സൂചനകള്‍ 8.30ഓടെ ലഭ്യമാവും. ഉച്ചക്ക് മുമ്പ് മുഴുവന്‍ ഫലങ്ങളും പുറത്തുവരും.വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട് . 80 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേതുള്‍പ്പെടെ പരമാവധി 15 മേശകള്‍ ഉണ്ടാകും. തപാല്‍ വോട്ടുകള്‍ എണ്ണി അര മണിക്കൂറിനുശേഷം വോട്ടുയന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in ല്‍ ലഭ്യമാകും.140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആകെ 26019284 വോട്ടര്‍മാരില്‍ 20125321 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത് (77.35 ശതമാനം പോളിങ്). ഇതില്‍ 10575691 സ്ത്രീകളും 9549629 പുരുഷന്മാരുമുണ്ട്. സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന പോളിങ് ശതമാനമായിരുന്നു ഇത്തവണത്തേത്.
ഇടതുമുന്നണി അധികാരത്തിലേറുമെന്ന എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നെങ്കിലും ആരും വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. സര്‍വേകള്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍ഭരണം ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. അക്കൗണ്ട് തുറക്കുമെന്നുതന്നെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.ഒമ്പതു മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്ന്‍ ബി.ജെ.പി.-ബി.ഡി.ജെ.എസ്. സഖ്യവും അവകാശപ്പെടുന്നു. 75 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്ന് യു.ഡി.എഫും ...
യു.ഡി.എഫും കണക്കുകൂട്ടുന്നു. വോട്ടെടുപ്പിനുശേഷം പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. 101 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഈ സര്‍വേകളുടെ പ്രവചനം.