സാലറി ചലഞ്ച്: ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ്, വിശദീകരണവുമായി തോമസ്‌ ഐസക്ക്

കൊറോണ പ്രതിസന്ധി മറിക്കടക്കാനുള്ള ലക്ഷ്യവുമായി  സാലറി ചലഞ്ച്, ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഓർഡിനൻസുമായി സംസ്ഥാന  സർക്കാർ. 

Last Updated : Apr 29, 2020, 05:25 PM IST
സാലറി ചലഞ്ച്: ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ്, വിശദീകരണവുമായി തോമസ്‌ ഐസക്ക്

തിരുവനന്തപുരം: കൊറോണ പ്രതിസന്ധി മറിക്കടക്കാനുള്ള ലക്ഷ്യവുമായി  സാലറി ചലഞ്ച്, ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഓർഡിനൻസുമായി സംസ്ഥാന  സർക്കാർ. 

സാലറി മാറ്റിവെക്കൽ നിയമപരമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. കൂടാതെ, പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ഇതും കോടതിയിൽ തിരിച്ചടിയുണ്ടാകാന്‍ കാരണമായി. ഈസാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്.   

"ഡിസാസ്റ്റർ ആന്‍റ്  പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ ആകട്" എന്ന പേരിലാണ് ഓർഡിനൻസ് ഇറക്കിയത്.   കൂടാതെ , ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ  നല്‍കണ്ട എന്നും തീരുമാനമായിട്ടുണ്ട്.  ഈ ഓർഡിനൻസ് അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിന്‍റെ 25% വരെ സർക്കാരിന് അടിയന്തിര ആവശ്യങ്ങൾക്കു വേണ്ടി നീക്കി വയ്ക്കാം. ഇത് പിന്നീട് ആറു മാസത്തിനകം തിരിച്ചു നൽകിയൽ മതി. 

മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ്,   ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. 

അതേസമയം,  ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്നതില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ്‌ ഐസക്ക്  രംഗത്തെത്തി.  

ഓർഡിനൻസ് അനുസരിച്ച് അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം 25% വരെ മാറ്റി വയ്ക്കാനാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശം ഇതുവഴി സർക്കാരിനു നൽകുന്നില്ല. മറിച്ച് മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രമാണെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ ഒരു ഭാഗം വിതരണം ചെയ്യാതെ മാറ്റിവയ്ക്കണമെങ്കിൽ ഉത്തരവ് നിയമപരമാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്, ആ പശ്ചാത്തലത്തിലാണ് ഓർഡിനൻസെന്നും  മന്ത്രി വ്യക്തമാക്കി.

ഓർഡിനൻസിലെ പ്രധാന കാര്യങ്ങളെ കുറിച്ചും മന്ത്രി വിശദീകരണം നല്‍കി 

1) അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം25% വരെ മാറ്റി വയ്ക്കുന്നതിന് ഈ ഓർസിനൻസ് സർക്കാരിനെ അധികാരപ്പെടുത്തും.

2) ഇത്തരത്തില്‍ മാറ്റിവെയ്ക്കപ്പെടുന്ന വേതനം തിരിച്ചു നൽകുന്നതു സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം.

"കോടതിവിധിയുടെ അന്തസത്ത ഇതുപോലെ ശമ്പളം പിടിച്ചെടുത്തോ മാറ്റിവച്ചതോ ആയ കേന്ദ്രത്തിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമല്ലേ? വേണമെങ്കിൽ കേന്ദ്രവും കോൺഗ്രസ് സർക്കാരുകളും തന്നെ അപ്പീൽ കൊടുക്കട്ടെ. കേരള സർക്കാർ എന്തായാലും അപ്പീലിന് ഇല്ല." മന്ത്രി വ്യക്തമാക്കി.

Trending News