Viral Video: എന്ത് രസാ...ടീച്ചറുടെ പാട്ടിന് താളം പിടിച്ച് അഞ്ചാംക്ലാസ്സുകാരൻ, വീഡിയോ വൈറൽ

 Student beats on the desk to the teachers song: അഞ്ചന ടീച്ചറുടെ പാട്ടിന് അതിമനോഹരമായി കൊട്ടുന്ന അഭിജിത്തിനെ വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 12:57 PM IST
  • തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചന ടീച്ചർ അങ്ങനെയല്ല.
  • സ്കൂളിലെ ഹൈസ്കൂൾ വിഭാ​ഗത്തിൽ താൽക്കാലിക സം​ഗീകാധ്യാപികയായി ജോലി ചെയ്യുകയാണ് അഞ്ചന.
Viral Video: എന്ത് രസാ...ടീച്ചറുടെ പാട്ടിന് താളം പിടിച്ച് അഞ്ചാംക്ലാസ്സുകാരൻ, വീഡിയോ വൈറൽ

‌കുട്ടികളുടെ കഴിവുകളെ കണ്ടെത്താനും അവ പ്രോത്സാഹിപ്പിക്കാനും കഴിയുന്ന അധ്യാപകരെ കിട്ടുക. അത് ഏറ്റവും വലിയ ഭാ​ഗ്യമാണ്. കാരണം പല  കുട്ടികളുടേയും മനസ്സിൽ സ്കൂളിൽ അവർ ഭയക്കുന്ന ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാവും. നിസ്സാരമായ കാര്യങ്ങൾക്ക് വഴക്ക് പറയുകയും ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകർ ഉണ്ടായാൽ തന്നെ കുട്ടികൾക്ക് സ്കൂളിൽ വരാൻ ഭയവും മടിയും ആയിരിക്കും. എന്നാൽ തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചന ടീച്ചർ അങ്ങനെയല്ല. സ്കൂളിലെ ഹൈസ്കൂൾ വിഭാ​ഗത്തിൽ താൽക്കാലിക സം​ഗീകാധ്യാപികയായി ജോലി ചെയ്യുകയാണ് അഞ്ചന.

പലതവണ ക്ലാസ്സിലേക്ക് കയറി വരുമ്പോൾ അഞ്ചാം ക്ലാസുകാരന്‍ അഭിജിത്ത് ഡെസ്ക്കിൽ താളം പിടിക്കുന്നത് അഞ്ചന കണ്ടിട്ടുണ്ട്. അവന്റെ താള ബോധം തിരിച്ചറിഞ്ഞ ടീച്ചർക്ക് അവൻ‍റെ കഴിവിനെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കണമെന്ന് തോന്നി. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച്ച ക്ലാസ്സിലെത്തിയ ടീച്ചർ അഭിജിത്തിനെകൊണ്ട് താളം പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു.  ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മടിയായിരുന്നു എങ്കിലും ഒടുക്കം ടീച്ചറുടെ നിർബന്ധത്തിന് അഭിജിത്ത് സമ്മതം മൂളി. 'ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാല്ലേ... ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാലില്ലല്ലേ...' ടീച്ചര്‍ പാടിത്തുടങ്ങിയപ്പോള്‍ അഭിജിത്ത് കൊട്ടിത്തുടങ്ങി.

പാട്ട് മുറുകിയപ്പോള്‍ താളവും മുറുകി. പിന്നീട് പാട്ടിൽ ലയിച്ച് മതിമറന്ന് ആവേശത്തിൽ കൈകള്‍കൊണ്ട് മുന്നിലിട്ടിരിക്കുന്ന ഡെസ്‌കില്‍ താളവിസ്മയം തീര്‍ക്കുന്ന അഭിജിത്തിനെയാണ് കണ്ടത്. ഗോത്രഭാഷയിലുള്ളവര്‍ സ്ഥിരമായി ആലപിക്കാറുള്ള പാട്ടാണ് ടീച്ചര്‍ പാടിയത്. ശബ്ദവിസ്മയം തീര്‍ത്ത അധ്യാപികയെയും നിറഞ്ഞ് ചിരിച്ച് കൊട്ടുന്ന ശിഷ്യനെയും സോഷ്യല്‍മീഡിയ മണിക്കൂറുകൾ കൊണ്ട് ഏറ്റെടുത്തു. കാട്ടിക്കുളത്തെ സ്കൂളിൽ ഈ വര്‍ഷമാണ് വെള്ളമുണ്ട എട്ടേനാല്‍ സ്വദേശിനി അഞ്ജന എസ്. കുമാര്‍ എത്തിയത്. തന്റെ പാട്ടിന് അഭിജിത്ത് കൊട്ടുമ്പോള്‍ അഞ്ജന തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

ശേഷം ആ വീഡിയോ അഭിജിത്തിന്റെ ക്ലാസ് ടീച്ചര്‍ പി. അര്‍ഷിതയ്ക്ക് അയച്ചുകൊടുത്തു. ഞായറാഴ്ച ക്ലാസ്സ് ടീച്ചറായ അര്‍ഷിത ഇത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ടീച്ചറുടെ പാട്ടും ശിഷ്യന്റെ കൊട്ടും സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. രാവിലെ എട്ടുമണിക്ക് പോസ്റ്റ് ചെയ്ത വീഡിയോ വൈകീട്ട് അഞ്ചായപ്പോഴേക്കും നാല്പതിനായിരത്തിലധികം പേര്‍ കാണുകയും എഴുന്നൂറോളം ആളുകൾ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊച്ചുമിടുക്കന്റെ കഴിവിനെയും അത് പുറംലോകമറിയിച്ച അധ്യാപികമാരെയും അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. കാട്ടിക്കുളം അമ്മാനി കോളനിയിലെ ബിജുവിന്റെയും ആതിരയുടെയും മകനാണ് അഭിജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News