സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നു; ആഘോഷങ്ങളില്‍നിന്ന് യുഡിഎഫ് വിട്ടു നില്‍ക്കും

പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്‍റെ ആഘോഷപരിപാടികള്‍ക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. 

Last Updated : Feb 20, 2019, 03:05 PM IST
സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നു; ആഘോഷങ്ങളില്‍നിന്ന് യുഡിഎഫ് വിട്ടു നില്‍ക്കും

കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്‍റെ ആഘോഷപരിപാടികള്‍ക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. 

ഒരാഴ്ച നീളുന്ന ആഘോഷം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. 

വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. 

രാത്രി ഏഴുമുതല്‍ പ്രശസ്ത ഗായകന്‍ ഹരിഹരന്‍ നയിക്കുന്ന 'ഗസല്‍ സന്ധ്യ'യും അരങ്ങേറും. കൂടാതെ, എല്ലാ ജില്ലകളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളുടെ സംസ്ഥാനതല സമാപനം 27ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 

എന്നാല്‍ സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷപരിപാടികളില്‍ നിന്നും യുഡിഎഫ് ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന-ജില്ലാ തല ആഘോഷ പരിപാടികളില്‍ നിന്നാണ് യുഡിഎഫ് വിട്ടു നില്‍ക്കുന്നത്. എന്നാല്‍, നിയോജകമണ്ഡലങ്ങളിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കാം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ 9 കോടി രൂപ ചെലവഴിച്ച് വലിയ ആഘോഷ പരിപാടികള്‍ നടത്തുന്നത് വലിയ ധൂര്‍ത്തും ദുര്‍ച്ചെലവുമാണ്, ചെന്നിത്തല പറഞ്ഞു. 

കൂടാതെ, ഒന്നും ചെയ്യാതെ പാഴായി പോയ ആയിരം ദിനങ്ങളുടെ പേരില്‍ വലിയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം കേരളത്തിന്‍റെ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്ന് തരിപ്പണമായിരിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്തുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

 

 

Trending News