തിരുവനന്തപുരം: Kerala Special Assembly Session: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിലവിലെ ലിസ്റ്റിലില്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ, സര്‍വ്വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമ ഭേദഗതികൾ നിയമസഭയിലെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
Also Read: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും; കരട് പുറത്തിറങ്ങി
സഭയിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ലോകായുക്ത നിയമഭേദഗതിയിൽ ഇടതുമുന്നണിയിലും ഭിന്നതയുണ്ട്. സിപിഐയുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണയെങ്കിലും ഇപ്പോഴത്തെ അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നത്. ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും. ഇന്ന് വേറെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടാവില്ലയെന്നാണ് റിപ്പോർട്ട്. സഭ 10 ദിവസം സമ്മേളിച്ച ശേഷം സെപ്റ്റംബര്‍ 2ന് പിരിയും. ഈ സമ്മേളത്തിനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇവയാണ്. 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബില്‍, 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍, 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍, ദി കേരള ലോകായുക്ത (ഭേദഗതി ) ബില്‍, ദ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷനല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്) ഭേദഗതി ബില്‍, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇതിനിടയിൽ കണ്ണൂര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്നലെ ഉയര്‍ത്തിയത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും ഗവർണർ വിവാദങ്ങൾക്ക് ഊർജ്ജം പകരുകയാണെന്നും കൂടാതെ ഗവർണർ സർവകലാശാലാ നിയമങ്ങൾ പൂർണമായി മനസ്സിലാക്കിയില്ലെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...