തിരുവനന്തപുരം : കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 1 ന് തിരുവനന്തപുരത്താണ് 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോണും 10 കിലോമീറ്റർ ദൈർഘ്യമുള്ള ദീർഘ ദൂര ഓട്ടമത്സരവും സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് പ്രഥമ കേരള മാരത്തോണിന്റെ സവിശേഷത. 11 ലക്ഷം രൂപയാണ് വിവിധ വിഭാഗങ്ങളിലെ വിജയിക്ക ൾക്ക് സമ്മാനമായി നൽകുന്നത്.
പുരുഷ വനിതാ വിഭാഗങ്ങളിലായി ഹാഫ് മാരത്തോണിൽ ഒന്നാംസ്ഥാനത്ത് എത്തുന്നവർക്ക് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 30,000 രൂപയും , മൂന്നാം സ്ഥാനത്തിന് 20,000 രൂപയും സമ്മാനമായി നൽകും . നാലാം സ്ഥാനത്തിന് 15,000 രൂപയും അഞ്ചാം സ്ഥാനത്തിന് 10000 രൂപയും ആറാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനത്തുക.
18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് മത്സരിക്കാവുന്ന ഓപ്പൺ കാറ്റഗറി , 45 മുതൽ 55 വയസുവരെ പ്രായമുള്ളവർക്ക് മത്സരിക്കാവുന്ന സീനിയർ വിഭാഗം, 56 വയസ്സിനു മുകളിലുള്ളവർ പങ്കെടുക്കുന്ന വെട്ടിരൻ വിഭാഗം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സമ്മാനം നൽകുക.
10 കിലോമീറ്റർ ദീർഘദൂര ഓട്ട മത്സരത്തിൽ ഒന്നാം സമ്മാനം 20,000 രൂപയാണ്. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും നാലാം സമ്മാനമായി 5000 രൂപയും അഞ്ചാം സമ്മാനമായി 3000 രൂപയും നൽകും .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രഥമ കേരള മാരത്തോണിൽ പങ്കെടുക്കാനായി എത്തും. ആയിരത്തിലധികം പേർ പങ്കെടുക്കുന്ന ഹാഫ് മാരത്തോൺ കേരളത്തിലെ കായിക ചരിത്രത്തിൽ പുതിയ അധ്യായമായി മാറുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി സുനിൽകുമാർ പറഞ്ഞു.
കേരള ഒളിമ്പിക്സിന്റെ ഭാഗമായി തലസ്ഥാനത്തെത്തുന്ന ഒളിമ്പിക് മെഡൽ ജേതാക്കൾ , മറ്റു മുതിർന്ന കായികതാരങ്ങൾ , സിനിമാതാരങ്ങൾ തുടങ്ങിയ പ്രമുഖരും മാരത്തോണിന്റെ ഭാഗമാകും. അന്താരാഷ്ട്ര മാരത്തോണുകളിൽ ഉപയോഗിക്കുന്ന ചിപ്പ് ഘടിപ്പിച്ച വിബാണ് കേരള ഒളിമ്പിക് മാരത്തോണിനും ഉപയോഗിക്കുക എന്ന സവിശേഷതയുമുണ്ട് കേരളത്തിലെ ഏറ്റവും വലിയ മാരത്തോൺ ആയി ഒളിമ്പിക് മാരത്തോൺ മാറുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ് രാജീവ് പറഞ്ഞു.
മാർച്ച് ഏഴ് മുതൽ കേരള ഒളിംപിക് അസോസിയേഷൻ വെബ്സൈറ്റിൽ മാരത്തോണിനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 15ന് രജിസ്ട്രേഷൻ അവസാനിക്കും . 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. എസ് പി സ്പോർട്സ് ഹെൽത്ത് കെയറാണ് പ്രഥമ കേരള ഒളിമ്പിക് മാരത്തോൺ സ്പോൺസർ ചെയ്തിരിക്കുന്നത്. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30 വൈകുന്നേരം 5 .30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ചടങ്ങിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ , കേരള ഒളിമ്പിക്സിന്റെ ഗുഡ്‌വിൽ അംബാസഡർ കൂടിയായ പത്മശ്രീ മോഹൻലാൽ , ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യഷൻ ഡോ: നരന്ദ്രേ ധ്രുവ ബന്ദ്ര,കായിക രംഗത്തെ വിവിധ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും. രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളിലെ ജേതാക്കളാണ് സംസ്ഥാന ഒളിമ്പിക്സിൽ മത്സരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...