കൊച്ചി: കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഇന്ന് രാവിലെ മുതൽ മഴ ശക്തമായെങ്കിലും വൈകീട്ടോടെ ഏതാനും മണിക്കൂറുകളായി മഴയ്ക്ക് അല്പം ശമനം ഉണ്ട്. ജില്ലയിൽ അതിതീവ്രമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അടിയന്തരമായി സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും വേണ്ടി തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ക്വാറി പ്രവർത്തനങ്ങൾ മഴ മാറിയതിന് ശേഷം 24 മണിക്കൂറു കഴിയുന്നത് വരെ നിർത്തി വെക്കണം.ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന മേഖലയിലുള്ളവരോട് മാറി താമസിക്കാനും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ അധികൃതർ നിർദ്ദേശം നൽകി. ചെല്ലാനം മേഖലയിൽ ടെട്രാപോഡ് കടൽഭിത്തി വന്നതിനാൽ മഴക്കാലത്ത് കാര്യമായ പ്രശ്നങ്ങളില്ല.
എന്നാൽ, നായരമ്പലം പുളിയത്താം പറമ്പ് ഭാഗത്ത് ഉണ്ടായ കടലാക്രമണത്തെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി. ജിയോ ബാഗ്, മണൽചാക്കുകൾ തകർന്നതോടെയാണ് വെള്ളം ശക്തിയായി ആണ് വെള്ളം കരയിലേക്ക് ഇരച്ചു കയറിയത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷന് സമീപം മരത്തിന്‍റെ ഒറു ഭാഗം മറിഞ്ഞ് വീണ് രണ്ട് കാറുകൾക്ക് കേടുപാട് പറ്റി. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിനാണ് കേടുപാട് പറ്റിയത്. നിലവിൽ കൊച്ചി നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് ഒന്നും ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ നാളത്തെ മഴ അലര്‍ട്ട് ഇങ്ങനെ
നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. കൊല്ലത്ത് നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.