School Kalolsavam 2024: സ്കൂൾ കലോത്സവത്തിൽ പോയിന്റ് പട്ടികയിൽ മുന്നേറി കോഴിക്കോട്, രണ്ടാം സ്ഥാനത്ത് തൃശൂർ; ആര് കപ്പുയർത്തും?

Kerala School Kalolsavam 2024: വിവിധ വർഷങ്ങളിലായി 21 തവണയാണ് കൗമാര പ്രതിഭകളുടെ പോരാട്ടത്തിൽ കോഴിക്കോട് ജില്ല കുതിപ്പ് തുടർന്ന് കപ്പ് നേടിയത്.

Written by - Abhijith Jayan | Last Updated : Jan 5, 2024, 12:50 PM IST
  • കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ജില്ലകൾ കുതിക്കുമ്പോൾ സ്വർണ്ണക്കപ്പ് ഇക്കുറിയും ആര് സ്വന്തമാക്കുമെന്നതിൽ ആകാംക്ഷയും ചർച്ചയുമേറെയാണ്
  • കഴിഞ്ഞവർഷം കോഴിക്കോട് ജില്ല സ്വന്തമാക്കിയ സ്വർണ്ണ കിരീടം ഇക്കുറി ആരെ തുണയ്ക്കുമെന്നുള്ളത് ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്
School Kalolsavam 2024: സ്കൂൾ കലോത്സവത്തിൽ പോയിന്റ് പട്ടികയിൽ മുന്നേറി കോഴിക്കോട്, രണ്ടാം സ്ഥാനത്ത് തൃശൂർ; ആര് കപ്പുയർത്തും?

കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോയിൻ്റ് പട്ടികയിൽ കോഴിക്കോട് മുന്നേറുമ്പോൾ സ്വർണ്ണക്കപ്പ് തുടർച്ചയായി നേടിയ ജില്ലയ്ക്കുള്ള ഖ്യാതി കോഴിക്കോടിന് തന്നെ സ്വന്തം. വിവിധ വർഷങ്ങളിലായി 21 തവണയാണ് കൗമാര പ്രതിഭകളുടെ പോരാട്ടത്തിൽ കോഴിക്കോട് ജില്ല കുതിപ്പ് തുടർന്ന് കപ്പ് നേടിയത്.

17 വർഷം കപ്പ് നേടിയ തിരുവനന്തപുരം ജില്ലയും കോഴിക്കോടിന് തൊട്ടു പിന്നിലുണ്ട്. 1986 ലാണ് വൈലോപ്പള്ളി ശ്രീധരമേനോന്റെ നിർദ്ദേശത്തെ തുടർന്ന് യുവജനോത്സവത്തിന് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്. കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ജില്ലകൾ കുതിക്കുമ്പോൾ സ്വർണ്ണക്കപ്പ് ഇക്കുറിയും ആര് സ്വന്തമാക്കുമെന്നതിൽ ആകാംക്ഷയും ചർച്ചയുമേറെയാണ്.

1959ലും 1991 മുതൽ 1993 വരെയും കലാകിരീടം സ്വന്തമാക്കിയത് കോഴിക്കോട് ജില്ലയായിരുന്നു. പിന്നീട് 2001ലും 2002ലും 2004 ലും 2005 ലും കപ്പിനെ സാമൂതിരി നഗരം കൈവിട്ടില്ല. പിന്നീടങ്ങോട്ട് ഏഴുവർഷക്കാലം കലാകിരീടത്തിനൊപ്പം തന്നെ കോഴിക്കോട് നഗരം സഞ്ചരിക്കുകയായിരുന്നു. അതായത് 2007 മുതൽ 2014 വരെ. 

2003 ലും  2006 ലും കോഴിക്കോടിന് കപ്പ് നഷ്ടമായപ്പോൾ സ്വർണ്ണകിരീടം പാലക്കാടും എറണാകുളവും പങ്കിട്ടെടുത്തു. പിന്നീട് കോഴിക്കോടും പാലക്കാട് ജില്ലയും ചേർന്നാണ് സ്വർണക്കപ്പ് നേടിയത്. 2016 മുതൽ 18 വരെ കോഴിക്കോട് തന്നെ മികച്ച പോരാട്ടം കാഴ്ചവച്ച് സ്വർണ്ണക്കപ്പിൽ മുത്തമിട്ടപ്പോൾ 2019ലും 2020ലും കപ്പ് പാലക്കാട് കൊണ്ടുപോയി. 

ALSO READ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

എന്നാൽ 1980 മുതൽ 89 വരെ തുടർച്ചയായ 9 വർഷം തിരുവനന്തപുരം സ്വർണ്ണക്കപ്പിനെ കൈവിട്ടില്ല. കലോത്സവം ആരംഭിച്ച 1957ൽ നിന്ന് ഒരു വർഷം പിന്നിട്ടപ്പോൾ 1958ൽ തന്നെ തിരുവനന്തപുരമായിരുന്നു ജേതാക്കൾ. പിന്നീട് 1961ലും 69ലും 74ലും തലസ്ഥാനനഗരിയാണ് കപ്പ് സ്വന്തമാക്കിയത്.പിന്നീട് പോരാട്ടം മൂന്നുവർഷത്തേക്ക് കൂടി തലസ്ഥാനം തുടർന്നു. 1976 മുതൽ 78 വരെയും തിരുവനന്തപുരം കപ്പ് ഇങ്ങ് എടുക്കുകയായിരുന്നു.

അങ്ങനെ, സ്വർണക്കപ്പിൽ കോഴിക്കോടും തിരുവനന്തപുരവും വർഷങ്ങളോളം മുത്തമിടുന്ന കാഴ്ചയാണ് കലോത്സവ പ്രേമികൾ കണ്ടത്. എന്നാൽ, കഴിഞ്ഞവർഷം കോഴിക്കോട് ജില്ലാ സ്വന്തമാക്കിയ സ്വർണ്ണ കിരീടം ഇക്കുറി ആരെ തുണയ്ക്കുമെന്നുള്ളതും ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്.

തുടക്കകാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവം എന്നായിരുന്നു കലോത്സവത്തിന് നൽകിയിരുന്ന പേര്. പിന്നീട് 2009 ൽ അത് പരിഷ്കരിച്ച് കേരള സ്കൂൾ കലോത്സവം എന്നാക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ഇനങ്ങളിൽ മത്സരിച്ച് ജേതാക്കളാകുന്നവർക്ക് നൽകുന്ന കലാപ്രതിഭ കലാതിലകം പട്ടം 1986 ൽ തുടങ്ങിയെങ്കിലും പിന്നീട് 2006 ൽ ഉപേക്ഷിക്കുകയും ചെയ്തു.

വീണ്ടും കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുമ്പോൾ കോഴിക്കോട് തന്നെയാകുമോ ജേതാക്കൾ, അതോ രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂരും കണ്ണൂരും അത്ഭുതങ്ങൾ സൃഷ്ടിക്കുമോ, മലപ്പുറം വിസ്മയങ്ങൾ കാണിച്ച് കപ്പടിക്കുമോ? കൗമാരക്കാർ പോരാട്ടവീര്യവുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്താൻ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുമ്പോൾ അധ്യാപകർക്കും മാതാപിതാക്കൾക്കും നെഞ്ചിടിപ്പും ഏറുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News