തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി നിള) രാവിലെ 9ന് പതാക ഉയര്‍ത്തും. തുടർന്ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. 11 മണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും.
അതേസമയം വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിലാണ് സ്വർണ്ണ കപ്പിന് സ്വീകരണം നൽകിയത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് സ്വർണക്കപ്പ് ഏറ്റുവാങ്ങിയത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര നടന്നത്. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയ ശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തി. കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്നലെ തുടങ്ങിയിരുന്നു. മടക്കിവച്ച പുസ്തകത്തിന് മുകളിൽ വളയിട്ട കൈകൾ,അതിന് മുകളിൽ വലംപിരി ശംഖ് ഇങ്ങനെയാണ് സ്വർണക്കപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈ സ്വർണക്കപ്പ് ആര് നേടുമെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഇനി.
നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ 10000ഓളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. 1986ൽ തൃശ്ശൂരിൽ വച്ച് നടന്ന ഇരുപത്തിയെട്ടാം കേരള സ്കൂൾ കലോത്സവത്തിൽ നിലവിൽ വന്ന നൂറ്റി പതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയാണ് ജേതാക്കളായത്.
Also Read: Uma Thomas MLA: ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ സംഘനൃത്തം അവതരിപ്പിക്കും.
ഉദ്ഘാടനശേഷം ഒന്നാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം നടത്തപ്പെടും. മത്സരങ്ങള്‍ കാണാനും മത്സര പുരോഗതി തത്സമയം അറിയാനും കൈറ്റ് മൊബൈല്‍ ആപ്പ് ഉണ്ട്. ഉത്സവം എന്ന പേരിലുള്ള ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ (മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം) എന്നിവയും മത്സരത്തിലുണ്ട്.
കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ കുട്ടികൾക്കും ഒറ്റത്തവണ സ്കോളർഷിപ്പായി 1000 രൂപ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിധി നിർണയത്തിൽ തർക്കമുണ്ടാകുന്ന ഘട്ടത്തിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.