തിരുവനന്തപുരം: നടന്‍ അലന്‍സിയറിനെതിരെ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ പരാമർശം വിവാദത്തിൽ നിൽക്കെയാണിത്. വിവാദത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചതെന്നാണ് വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞത്. ഇതിനെതിരായ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അലൻസിയർ സ്ത്രീകൾക്കെതരെ നടത്തിയ പരാമർശം തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകളുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് അലൻസിയർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അലൻസിയറിന് വേണ്ടെങ്കിൽ അവാർഡ് സ്വീകരിക്കാതിരിക്കാമായിരുന്നുവെന്നും പി സതീദേവി പറഞ്ഞു.
2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയർ വിവാദപരമാർശം നടത്തിയത്. സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുതെന്നും സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം.
"നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും" പുരസ്കാരദാന ചടങ്ങിൽ അലൻസിയർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...