കോഴിക്കോട്: രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊന്ന് മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പൊലീസിന് മൊഴി നല്‍കി.
ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായിരുന്നു ജോളിയുടെ പദ്ധതി. അതിനായി ജോണ്‍സന്‍റെ ഭാര്യയെയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതാണ് രണ്ടുപേരെകൂടി കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞത്.
രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനവും ജോളി ലക്‌ഷ്യം വച്ചിരുന്നു.
ആദ്യ ഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്‍റെ രണ്ടാം ദിവസം ഒരു പുരുഷ സുഹൃത്തിനോപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല പലതവണ ജോളി ജോണ്‍സണും കുടുംബവുമൊത്ത് സിനിമയ്ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്.
എന്നാല്‍ ജോളിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച ജോണ്‍സന്‍റെ ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും ജോളിയുമായുള്ള കൂട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയശേഷം ജോളി ആദ്യം വിളിച്ചത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്ന് പൊലീസ് പറഞ്ഞു.
കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് കൂടത്തായിയിലെത്തും. അതിനായി അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം വിളിപ്പിച്ചിട്ടുണ്ട്.
കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.
2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ് കൊല്ലപ്പെട്ടത്.