തിരുവനന്തപുരം: സർക്കാർ പരിപാടികളിൽ പങ്കെടുക്കാൻ വീണ്ടും ഭീഷണി. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളില്‍ നിന്നും 100 രൂപ ഫൈന്‍ ഈടാക്കുമെന്ന വാര്‍ഡ് മെമ്പറുടെ ഓഡിയോ സന്ദേശം പുറത്ത്. ആനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീജ തന്റെ വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തായത്.
ഓഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ; '' പന്ത്രണ്ടാം തിയതി പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. വൈകുന്നേരം നാല് മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. നെടുമങ്ങാടിന്റെ മന്ത്രി ജിആര്‍ അനിലാണ് അധ്യക്ഷസ്ഥാനം വഹിക്കുന്നത്. രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ആ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കേണ്ടതില്ല. ലോണോ മറ്റ് കാര്യങ്ങളോ ഉണ്ടെങ്കില്‍ ശനിയാഴ്ച കുടുംബശ്രീ വെക്കുക. ഞായറാഴ്ച മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും കൃത്യം നാലരമണിക്ക് പഴകുറ്റിയില്‍ എത്തിച്ചേരേണ്ടതാണ്. കൃത്യമായ കാരണങ്ങള്‍ ഇല്ലാത്ത ഒരാള്‍ പോലും പരിപാടിയില്‍ വരാതിരിക്കരുത്. അഞ്ചരമണിയോടെ നിങ്ങള്‍ക്ക് തിരിച്ചുപോകാം. വരാത്തവരില്‍ നിന്നും ഫൈന്‍ ഈടാക്കുന്നതാണ് 100 രൂപ''.
ഓഡിയോ പുറത്തായതിന് പിന്നാലെ വാര്‍ഡ് മെമ്പര്‍ക്കെതിരെ വിമർശനം ഉയർന്നു. പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളോട് എന്തടിസ്ഥാനത്തിലാണ് ഫൈൻ ഈടാക്കുമെന്ന് പറയുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലിയെന്നാണ് കുടുംബശ്രീ അംഗങ്ങൾ ചോദിക്കുന്നത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി കിള്ളിയാറിന് കുറുകെയുള്ള പഴകുറ്റി പാലം 2021 ഡിസംബറിലാണ് പൊളിച്ചത്. പഴകുറ്റി മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി ദശാബ്ദങ്ങള്‍ പഴക്കം വരുന്ന കിള്ളിയാറിന് കുറുകെയുള്ള പഴകുറ്റി പാലമാണ് പൊളിച്ച് പണിതത്. ഒരു വര്‍ഷം കൊണ്ട് പാലം പണിയും റോഡ് പുനരുദ്ധാരണവും പൂര്‍ത്തിയാക്കും എന്നാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജിആര്‍ അനില്‍ അറിയിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...