സിപിഎമ്മും സിപിഐയും രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തർക്കം മൂലം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം നീണ്ടുപോവുകയാണ്. അൻപതോളം നേതാക്കളാണ് രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുളളത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് രാജ്യസഭാ സീറ്റ് നേടിയെടുക്കുന്നതിനുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാക്കി. ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ കെ. വി. തോമസിന്റെ കടന്ന് വരവ് പാർട്ടിക്കുള്ളിൽ വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും സീറ്റിനായി ശക്തമായ ചരട് വലികളാണ് നടത്തുന്നത്. ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. ഇടത് പക്ഷം യുവനേതാക്കളെ പ്രഖ്യാപിച്ചതിനാൽ കോൺഗ്രസും അതേ പാത പിൻതുടരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജുവിനാണ് സാധ്യത. കഴിഞ്ഞ ദിവസം ലിജു കെ. സുധകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ടതോടെ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമാണ്. യുവ നിരയിൽ ശ്രദ്ധേയനായ വി.റ്റി.ബൽറാമിന്റെ പേരും പരിഗണനയിലുണ്ട്.
തെലങ്കാനയിലെ എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണന്റെ പേരും അവസാന ഘട്ടത്തിൽ ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. റോബർട്ട് വദ്രയുടെ വിശ്വസ്തനാണ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ശ്രീനിവാസൻ കൃഷ്ണൻ. വദ്രയുടെ ബിനാമിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും എതിർക്കാനാണ് കെപിസിസിയുടെ തീരുമാനം.
എന്നാൽ ആര് സ്ഥാനാർത്ഥിയാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതായിരിക്കും. സ്ഥാനാർത്ഥിത്വത്തിനായി ഒരുപാട് പേർ രംഗത്തുള്ളതിനാൽ രണ്ടോ മൂന്നോ പേര് ഉൾക്കൊളളുന്ന പാനൽ തയ്യാറാക്കാൻ ഇതുവര സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് ഹൈക്കമാന്റ് മാനദണ്ഡം കൊണ്ടുവരാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവർക്ക് മുൻഗണ നൽകാൻ സംസ്ഥാന നേൃത്വത്തോട് നിർദേശിക്കുമെന്നാണ് സൂചന. എന്തായാലും ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...