തിരുവനന്തപുരം: എം വി ശ്രേയാംസ് കുമാറിന്റെ നിലവിലെ രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തത് ഏകാധിപത്യപരവും മുന്നണി മര്യാദകളുടെ ലംഘനവുമാണെന്ന് KPCC രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. 2009-ൽ എം പി വീരേന്ദ്രകുമാറിന് അവകാശപ്പെട്ട കോഴിക്കോട് ലോക്സഭാ സീറ്റ് പിടിച്ചടക്കിയതിന്റെ തനിയാവർത്തനമാണ് ഇതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് കോൺഗ്രസ് വീരേന്ദ്രകുമാറിനും ജോസ് കെ.മാണിക്കും രാജ്യ സഭാ സീറ്റ് നൽകിയത്. അത് തുടർന്നുവെന്നല്ലാതെ പുതിയതായി ഒന്നും അവർക്ക് സിപിഎം നൽകിയിരുന്നില്ല. എൻസിപിയുടെ സിറ്റിങ് സീറ്റായ പാലാ നിയമസഭാ സീറ്റ് ഒരു ചർച്ചയും കൂടാതെ പിടിച്ചടക്കിയതിന്റെ പ്രതിഷേധമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വിജയത്തിൽ കലാശിച്ചത്. ജോസ് കെ മാണി വിജയിക്കണമെന്ന് സിപിഎമ്മിന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. സിപിഎം പ്രാദേശിക നേതാക്കൾ ജോസ് കെ.മാണിക്കെതിരെ പ്രവർത്തിച്ചിരുന്നുയെന്ന് ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
കല്പറ്റയിൽ എം വി ശ്രേയാംസ് കുമാറിനെതിരെ സിപിഎം ജില്ലാ നേതാക്കൾ വരെ പരസ്യമായി രംഗത്തുണ്ടായിരുന്നു. ശ്രേയാംസ് കുമാറിനും ജോസ്.കെ.മാണിക്കുമെതിരെ പ്രവർത്തിച്ചവർക്കെതിരെ സിപിഎം ഒരു അന്വേഷണമോ നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്നതിന്റെ പേരിലാണ് ജി. സുധാകരൻ, വി.കെ. മധു എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
എൽഡിഎഫിൽ ഘടക കക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം നൽകിയപ്പോൾ ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാ ദളിന് മാത്രം മന്ത്രി സ്ഥാനം നൽകിയില്ല. ശ്രേയാംസ് കുമാറിന്റെ രാജ്യസഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കെ.പി.മോഹനനെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട എൽജെഡിലെ ഷെയ്ക്ക്.പി.ഹാരീസിനെ ഇപ്പോൾ വീരോചിതമായി സിപിഎമ്മിൽ ചേർത്തത് ശ്രേയാംസ് കുമാറിനെ അപമാനിക്കുന്നതിനു കൂടിയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.