LDF Rajbhavan march: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം ഉദ്ഘാടനം ചെയ്യാനായി എത്തുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കാൻ വേണ്ടി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയേയും പങ്കെടുപ്പിക്കും.
മാർച്ചിന്റെ നേതൃത്വം എൽഡിഎഫ് സംസ്ഥാന നേതാക്കൾ നൽകും. മാർച്ച് ആരംഭിക്കുന്നത് രാവിലെ പത്തിനാണ്. പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും. ഉച്ചവരെയാണ് സമരം. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. മാർച്ചിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എൽഡിഎഫ് നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇതിനിടയിൽ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെയടക്കം പലരേയും ഹാജർ ഉറപ്പു നൽകി സമരത്തിനിറക്കാൻ എൽഡിഎഫിന് ശ്രമമുണ്ടെന്ന് കാണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...