Liquor From Tapioca: കപ്പ വാറ്റിയാൽ മദ്യം കിട്ടുമോ? സംഗതി അങ്ങനെയല്ല... ആ പരിപാടി ഇങ്ങനെയാണ്

കപ്പ വാറ്റി മദ്യം നിർമിക്കാമെന്ന തരത്തിലാണ് പലരും പറയുന്നത്. പഴങ്ങളും മറ്റും വാറ്റി മദ്യം ഉത്പാദിപ്പിക്കുന്ന തരത്തിൽ കപ്പയിൽ നിന്ന് മദ്യം ഉണ്ടാക്കാൻ ആകുമോ എന്നാണ് ചോദ്യം.

Last Updated : Mar 12, 2022, 11:39 AM IST
  • പഴങ്ങൾ വാറ്റി മദ്യം നിർമിക്കുന്നത് പോലെയല്ല കപ്പ പോലുള്ള കിഴങ്ങുവർഗ്ഗങ്ങളിൽ നിന്ന് മദ്യമുണ്ടാക്കുന്നത്
  • കപ്പയിൽ നിന്നുണ്ടാക്കുന്ന മദ്യം അതുപോലെ കുടിക്കാൻ ഉപയോഗിക്കാവുന്നതല്ല
  • വലിയ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ലാബുകളുടെ സഹായത്തോടെ മാത്രമേ മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കു
Liquor From Tapioca: കപ്പ വാറ്റിയാൽ മദ്യം കിട്ടുമോ? സംഗതി അങ്ങനെയല്ല... ആ പരിപാടി ഇങ്ങനെയാണ്

കപ്പയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നത് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പദ്ധതിയാണ്. ഇതിനായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ വാർത്ത പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയാണ്. 

കപ്പ വാറ്റി മദ്യം നിർമിക്കാമെന്ന തരത്തിലാണ് പലരും പറയുന്നത്. പഴങ്ങളും മറ്റും വാറ്റി മദ്യം ഉത്പാദിപ്പിക്കുന്ന തരത്തിൽ കപ്പയിൽ നിന്ന് മദ്യം ഉണ്ടാക്കാൻ ആകുമോ എന്നാണ് ചോദ്യം. എന്തായാലും കപ്പയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത് കിഴങ്ങുഗവേഷണ കേന്ദ്രത്തെയാണ്.

കപ്പ അഥവ മരച്ചീനി പോലുള്ള കിഴങ്ങുവർഗ്ഗങ്ങളിൽ നിന്ന് മദ്യം ഉണ്ടാക്കുക എന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല എന്നതാണ് യാഥാർത്ഥ്യം. എന്തായാലും അത് വാറ്റിയെടുക്കുന്ന ഒന്നല്ല. ഡിസ്റ്റിൽ ചെയ്തുകൊണ്ടല്ല കപ്പയിൽ നിന്ന് മദ്യമുണ്ടാക്കുക എന്നർത്ഥം. അതിന് കൃത്യമായ വഴിയുണ്ട്. അത് എന്താണെന്ന് നോക്കാം...

കപ്പ അരച്ചെടുത്ത് പൾപ്പ് പരുവത്തിലാക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. അതിനൊപ്പം തന്നെ ഉണ്ടാകുന്ന ചണ്ടി ഒഴിവാക്കുകയും വേണം. അതിന് ശേഷം ഈ പൾപ്പിനെ അണുവിമുക്തമാക്കണം. 150 ഡിഗ്രി സെൽഷ്യസ് താപനിലയിൽ അരമണിക്കൂറോളം തിളപ്പിക്കണം. ഇത്രയും ചെയ്താൽ മദ്യം ഉരുത്തിരിഞ്ഞ് വരുമെന്ന് കരുതരുത്. അണുവിമുക്തമാക്കിയ പൾപ്പിനെ പിന്നേയും നാല് മണിക്കൂർ നേരം 60 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിക്കൊണ്ടിരിക്കണം.

ഇത്രയും ചെയ്യുമ്പോൾ കിട്ടുന്നത് ഫുഡ് ഗ്രേഡ് ഗ്ലൂക്കോസ് ആണ്. അതായത് ഭക്ഷ്യവസ്തുക്കളിൽ എല്ലാം മധുരത്തിന് വേണ്ടി ചേർക്കുന്ന ഗ്ലൂക്കോസ്. ഇത് പുളിപ്പിച്ചെടുത്താൽ നല്ല കപ്പ മദ്യം (എഥനോൾ) ലഭിക്കും. പുളിപ്പിച്ചെടുക്കാൻ വേണ്ടി ചേർക്കേണ്ടത് അൽപം യീസ്റ്റ് മാത്രമാണ്. 

ഇങ്ങനെയുണ്ടാക്കുന്ന മദ്യം നേരിട്ടങ്ങ് കുടിക്കാമെന്ന് ആരും കരുതണ്ട്. നമ്മുടെ നാട്ടിൽ കിട്ടുന്ന മദ്യം പോലെ നേർപിച്ചതോ ഫ്‌ലേവറുകൾ ചേർത്തതോ അല്ല ഇത്- 100 ശതമാനം വോള്യം ബൈ വോള്യം എഥനോൾ ആണ്. അത് കുടിച്ചാൽ പണികിട്ടുമെന്ന് സാരം.

ഇത്രയും പറഞ്ഞപ്പോൾ ഇതൊന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാൽ എങ്ങനെയുണ്ടാകും എന്നൊരു ആകാംക്ഷ പലർക്കും ഉണ്ടാകും. എന്നാൽ വീട്ടിൽ വച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു സംഗതിയേ അല്ല ഇത്. വലിയ ലബോറട്ടറി സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കപ്പയിൽ നിന്നോ മറ്റ് കിഴങ്ങുവർഗ്ഗങ്ങളിൽ നിന്നോ ഇത്തരത്തിൽ മദ്യം ഉത്പാദിക്കാൻ സാധിക്കു.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. വീടുകളിൽ മദ്യം ഉത്പാദിപ്പിക്കുന്നത് നിയമ പ്രകാരം കുറ്റകരമായ കാര്യമാണ്.)

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News