വീട് വില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍ അടിച്ചിറക്കി ദമ്പതിമാര്‍; നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് 45 ലക്ഷം രൂപയ്ക്ക് ഇവർ ഈ വീട് വാങ്ങിയത്

Written by - Zee Malayalam News Desk | Last Updated : May 9, 2022, 01:03 PM IST
  • സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ ലോട്ടറി വകുപ്പ് രംഗത്തെത്തി
  • മൂന്ന് കിടപ്പ് മുറികളുള്ള വീട് വില്‍ക്കാനായിരുന്നു 2000 രൂപയുടെ കൂപ്പൺ
വീട് വില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍ അടിച്ചിറക്കി ദമ്പതിമാര്‍; നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

വീട് വിൽക്കാൻ പുതിയ വഴി പരീക്ഷിച്ച് ദമ്പതിമാർ. എത്ര ശ്രമിച്ചിട്ടും ഉദ്ദേശിച്ച വിലയ്ക്ക് വീട് വിൽപ്പന നടക്കാതെ വന്നതോടെയാണ്  സമ്മാനകൂപ്പൺ അടിച്ചിറക്കി വീട് വിൽപ്പന നടത്താൻ തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ തീരുമാനിച്ചത്. വീട് വിറ്റ് കടം വീട്ടാനായിരുന്നു തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ അയോജ്- അന്ന ദമ്പതികളുടെ ശ്രമം. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ ലോട്ടറി വകുപ്പ് രംഗത്തെത്തി.

 വീട് വിൽക്കാനായി  കൂപ്പണ്‍ അടിച്ച്  വില്‍പ്പന നടത്തുന്നത്  നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.  വ്യക്തികള്‍ക്ക് സ്വന്തമായി പൈസ വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ല. ഇതിനെതിരെ ഇന്ന് എസ്പിക്ക് പരാതി നല്‍കുമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍  കൂപ്പണ്‍ വില്‍പ്പന തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് ദമ്പതിമാർ. 

മൂന്ന് കിടപ്പ് മുറികളുള്ള വീട് വില്‍ക്കാനായിരുന്നു 2000 രൂപയുടെ കൂപ്പൺ  ഇവര്‍ പുറത്തിറക്കിയത്. കൂപ്പണ്‍ എടുക്കുന്നവരില്‍ ഭാഗ്യശാലിക്ക് ഒക്ടോബര്‍ 17 ലെ നറുക്കെടുപ്പിൽ വീട് സ്വന്തമാക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ്  വില്‍പ്പനയ്ക്ക് വെച്ച ഇവരുടെ വീട്.

ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് 45 ലക്ഷം രൂപയ്ക്ക് ഇവർ ഈ വീട് വാങ്ങിയത്. എന്നാൽ  കോവിഡ് കാലത്ത് ഇവരുടെ ബിസിനസ് തകിടം മറിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതേത്തുടർന്നാണ് വീട് വിറ്റ് കടബാധ്യത തീർക്കാൻ  തീരുമാനിച്ചത്. 32 ലക്ഷം രൂപയുടെ ബാധ്യതയാണ് ദമ്പതിമാർക്ക്  തീർക്കാനുള്ളത്.  എന്നാൽ വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് കൂപ്പൺ വിൽപ്പനയിലൂടെ വീടു വിൽക്കാൻ ദമ്പതിമാർ പദ്ധതിയിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News