മലപ്പുറം: Malappuram Tanur Boat Accident: താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 കവിഞ്ഞു. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.
ഇന്നലെ വൈകിട്ട് ഏഴരയോയായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ടുള്ള അപകടം നടന്നത്. മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ്, മക്കളായ ഫാത്തിമ മിന്‍ഹ, ഫൈസാന്‍, പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു, പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്ല, ഹുസ്‌ന, ഷംന, പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ്, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ്, മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ, പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍, ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read: Tanur Boat Accident: താനൂർ ബോട്ടപകടം: യാത്ര മാനദണ്ഡങ്ങൾ ലംഘിച്ച്; ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്
രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് തട്ടുള്ള ബോട്ട് കണ്ടല്‍ക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് മറിഞ്ഞതെന്നാണ് വിവരം. വിശദമായ തിരച്ചില്‍ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും. ഇവിടെ ഒരു മാസം മുമ്പാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായി ആദ്യഘട്ടത്തില്‍ വെളിച്ചകുറവ് രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അവധി ദിനമായതിനാല്‍ സന്ദര്‍ശകര്‍ കൂടുതൽ ഉണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബോട്ടിന്റെ വാതിലുകള്‍ അടഞ്ഞത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചതെന്നാണ് വിവരം. ബോട്ട് മറുകരയിൽ കരയ്‌ക്കെത്തിച്ചിട്ടുണ്ട്. അപകടത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...