കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള തീയതി ഇന്ന്‍ തീരുമാനിക്കും.
ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് രാവിലെ ചേരും. കൊച്ചിയിലാണ് യോഗം. യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്.ബി. സര്‍വാതെയും യോഗത്തില്‍ പങ്കെടുക്കും. പൊളിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അതിന്‍റെ ചുമതല ഏറ്റെടുത്ത കമ്പനികള്‍ സാങ്കേതിക സമിതിയ്ക്ക് കൈമാറിയിരുന്നു.
ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനു വേണ്ടിയാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
കെട്ടിടങ്ങളെല്ലാം ഒരുമിച്ച് പൊളിക്കാന്‍ കമ്പനികള്‍ തയ്യാറാണെങ്കിലും ആദ്യം ഒരു പാര്‍പ്പിട സമുച്ചയം പൊളിച്ചതിന് ശേഷം മതി മറ്റ് കെട്ടിടങ്ങള്‍ പൊളിക്കുന്നതെന്നാണ് സാങ്കേതിക സമിതിയിലെ ചിലരുടെ അഭിപ്രായം.
എന്തായാലും ഇതിനെക്കുറിച്ചുള്ള കൃത്യമായ ഒരു തീരുമാനം ഇന്നത്തെ യോഗത്തില്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.