തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവിന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 764 ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ പിന്തുണയറിയിച്ച് കലാ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നടക്കമുള്ള നിരവധിപ്പേര്‍ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലെത്തി.
ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മാര്‍ച്ച് ആരംഭിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു.ശ്രീജിത്തിന് നീതി എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ച് മില്ല്യണ്‍ മാസ്‌ക്ക് എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്. ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകവും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇന്ന് സമരസ്ഥലത്ത് എത്തി നടന്‍ ടൊവിനോ തോമസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നേരത്തെ നിവിന്‍ പോളി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചു.