തിരുവനന്തപുരം: മിൽമ പാലിന് വർധിപ്പിച്ച തുക ഇന്ന് മുതൽ പ്രാബല്യത്തിൽ. പച്ച, മഞ്ഞ കവറുകളിലുള്ള മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നീ പാലുകൾക്കാണ് മിൽമ വില വർധിപ്പിച്ചിരിക്കുന്നത്. മിൽമ റിച്ചിന് 30 രൂപയും മിൽമ സ്മാർട്ടിന് 25 രൂപയുമാകും ഇന്ന് മുതലുള്ള വില. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിനാണ് പുതിയ വില വർധനവ് പ്രകാരം 30 രൂപയായത്.
24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് പുതിയ വില വർധനവ് നിലവിൽ വന്നതോടെ 25 രൂപയായി. പാക്കറ്റിന് ഒരു രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. അഞ്ച് മാസം മുൻപ് പാൽ ലിറ്ററിന് ആറ് രൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു. വിലവർധനവിനെ കുറിച്ച് അറിയിക്കാത്തതിൽ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് അതൃപ്തിയുണ്ട്. മിൽമയുടെ നീക്കം സർക്കാർ അറിഞ്ഞിട്ടില്ലെന്നും ഇത് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മിൽമയാണ് പാൽ വില വർധിപ്പിക്കുന്നതെങ്കിലും അക്കാര്യം സർക്കാരിനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യുന്നതാണ് പതിവ്. അതേസമയം, വില കൂട്ടുകയല്ല ഏകീകരിക്കുകയാണ് ചെയ്തതെന്നാണ് മിൽമയുടെ വിശദീകരണം. കഴിഞ്ഞ ഡിസംബറിൽ പച്ച, മഞ്ഞ കവറുകൾ ഒഴികെയുള്ളവയ്ക്ക് വില കൂട്ടിയിരുന്നു.
മിൽമ ഉൽപന്നങ്ങൾക്ക് സംസ്ഥാനത്താകെ ഏകീകൃത പാക്കിങ്, ഡിസൈൻ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പാൽ വില വർധിപ്പിക്കുമോയെന്ന ചോദ്യത്തിന് ‘ഇല്ലേയില്ല’ എന്നായിരുന്നു മിൽമ ചെയർമാൻ കെ.എസ്.മണിയുടെ മറുപടി. തിളങ്കാഴ്ചത്തെ വാർത്താസമ്മേളനത്തിന് പിറ്റേന്നാണ് വില കൂട്ടിയത്. മിൽമ വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നാണ് മിൽമയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...