തിരുവനന്തപുരം: ഓരോ പഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ അധ്യക്ഷനാകും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കളിക്കളത്തില്‍ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, ആന്റണി രാജു, ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, കായിക വകുപ്പു സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, കായിക വകുപ്പ് ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ്, അഡീഷണല്‍ ഡയറക്ടര്‍ സീന.എ.എന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സുധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് 450 ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. മൂന്നു വര്‍ഷത്തിനകം മുഴുവന്‍ പഞ്ചായത്തുകളിലും കളിക്കളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. സംസ്ഥാന പ്ലാന്‍ ഫണ്ട്, എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, ഗൃണഭോക്തൃ വിഹിതം, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് തുടങ്ങിയ വിവിധ സ്രോതസുകളില്‍ നിന്നാണ് ശേഷിക്കുന്ന തുക കണ്ടെത്തുക. പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്.
ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനുള്ള കോര്‍ട്ടുകള്‍ക്കു പുറമേ ഓപ്പണ്‍ ജിം, ടൊയ്‌ലറ്റ് സൗകര്യങ്ങള്‍, നടപ്പാത, വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍, കഫെറ്റീരിയ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഉയര്‍ന്ന സാമൂഹിക നിലവാരത്തോടുകൂടി സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കളിസ്ഥലങ്ങള്‍ സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തില്‍ മാനേജിങ്ങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും.
ക്ലബുകള്‍ക്കും സ്വകാര്യ അക്കാദമികള്‍ക്കും സമയം നിശ്ചയിച്ച് വാടകയ്ക്ക് നല്‍കുന്നതിലൂടെയും മറ്റും കളിക്കളത്തിന്റെ പരിപാലന ചെലവ് കണ്ടെത്താനാണു ലക്ഷ്യമിടുന്നത്. പരിപാലനം കൃത്യമായി നടക്കാതെ കളിക്കളം ഉപയോഗശൂന്യമാകുന്ന സ്ഥിതിയുണ്ടായാല്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുത്ത് പരിപാലനം നിര്‍വഹിക്കുന്നതിനും വ്യവസ്ഥയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...