തിരുവനന്തപുരം: നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. കേരള എക്സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള 20 ദിവസങ്ങളിലാണ് നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും, മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ്. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തി ചെക്പോസ്റ്റുകളിലും, ചെക്പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധന ശക്തമാക്കി.
ALSO READ: Crime News: സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി; 9 പേർ അറസ്റ്റിൽ!
സെപ്റ്റംബർ 16 മുതൽ 29 വരെയുള്ള 14 ദിവസങ്ങളിലായി 421 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്ത് 428 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 80.16 കിലോ ഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 779 ഗ്രാം എം.ഡി.എം.എ, 1294 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ അഞ്ച് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 177 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...