ആലപ്പുഴ: ഇന്ന് ദേശീയ ഗണിത ശാസ്ത്ര ദിനം. സംഖ്യകൾ കൊണ്ട് മായാജാലം തീർത്ത ഇന്ത്യൻ ഇതിഹാസം ശ്രീനിവാസ രാമാനുജന്‍റെ ജന്മദിനം. സമാനമായ ഒരാൾ ഇങ്ങ് ആലപ്പുഴയിലുമുണ്ട്. ഇന്ത്യയുടെ ഗണികമാന്ത്രികൻ എന്ന് ഹിസ്റ്ററി ടിവി വിശേഷിപ്പിച്ച ആലപ്പുഴ സ്വദേശി വിവേക്.
കമ്പ്യൂട്ടറിനേക്കാളും കാൽക്കുലേറ്ററിനേക്കാളും വേഗമേറിയ മനസ്സിനുടമയാണ് വിവേക്. എത്ര വലിയ സംഖ്യയായാലും വിവേക് അത് നിമിഷനേരം കൊണ്ട് കൂട്ടിയും ഗുണിച്ചും ഹരിച്ചും ശരിയുത്തരം പറഞ്ഞു തരും. അച്ഛന്‍ ചെറുപ്പത്തില്‍ സമ്മാനിച്ച കാൽക്കുലേറ്ററിൽ നിന്നാണ് മെന്‍റല്‍ കണക്കിന്‍റെ ബാലപാഠങ്ങൾ വിവേക് ആരംഭിക്കുന്നത്.
നിരന്തരമായ പരിശീലനവും ഏകാഗ്രമായ നിരീക്ഷണപാഠവവും കൊണ്ടാണ് മെന്‍റല്‍ മാത്‍സ് എന്ന മനക്കണക്കിലെ മാന്ത്രികവിദ്യ വിവേക് സ്വായത്തമാക്കിയത്. ഒരു ലക്ഷത്തിൽ താഴെയുള്ള ഏത് സംഖ്യയുടെയും ഗുണനപ്പട്ടിക വിവേകിന് മനഃപാഠമാണ്. ദൈനംദിന ജീവിതത്തെ കണക്കുമായി ബന്ധപ്പെടുത്തിയാല്‍ ഈ വിദ്യ എളുപ്പത്തിൽ സ്വായത്തമാക്കാൻ കഴിയുമെന്നാണ് വിവേകിന്‍റെ പക്ഷം.
ആയിരങ്ങൾക്ക് വിജ്ഞാനത്തിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അധ്യാപകനായ അച്ഛൻ പി.സി റാഫേലാണ് വിവേകിന് വഴികാട്ടി. ലിംക ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, യുആർഎഫ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിങ്ങനെ വിവേകിനെ തേടിയെത്തിയ റെക്കോർഡുകളുടെയും അംഗീകാരങ്ങളുടെയും പട്ടിക ഇനിയും നീളും.
Read Also: Crime: ആറ്റിങ്ങലിൽ കൊറിയർ സർവീസിന്റെ മറവിൽ കഞ്ചാവ് കടത്ത്; യുവാവ് പിടിയിൽ
വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്‌കൂൾതലത്തിലെ ഗണിതശാസ്ത്ര പാഠങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെയും ഒപ്പം ഗണിതപഠനം എളുപ്പത്തിലാക്കുവാനുള്ള മാർഗങ്ങളെയും സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് വിവേക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...