തിരുവനന്തപുരം: നിപ (Nipah Virus) സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ രണ്ട് സാമ്പിളുകൾ എന്‍.ഐ.വി. പൂനയിലും 18 സാമ്പിളുകൾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.
ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ചാത്തമംഗലത്ത് നിന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് ശേഖരിച്ച വവ്വാലുകളുടേയും ആടുകളുടേയും പരിശോധനാ ഫലവും നെഗറ്റീവാണ്. ഭോപ്പാലിലെ ലാബിലാണ് (Laboratory) ഇത് പരിശോധിച്ചത്.
ALSO READ: Covid മൂന്നാം തരംഗം മുന്നൊരുക്കം: കനിവ് 108 ആംബുലന്‍സുകളും സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
സമ്പർക്കപ്പട്ടികയിലുള്ള 65 പേരാണ് ഇനിയും നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്കാർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല. ഇതോടെയാണ് നിപ വൈറസ് ഭീഷണി അകലുന്നുവെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയത്. പഴംതീനി വവ്വാലുകളുടെ പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തനായിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: Nipah, പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം, പ്രതിരോധം ഏകോപനത്തോടെയെന്ന് മുഖ്യമന്ത്രി
അതേസമയം, നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചു. ജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്. ഇതുവരെ ലഭ്യമായ സമ്പര്‍ക്കപ്പട്ടികയിലുള്ള പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണ്. മറ്റ് ജില്ലകളിലുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...