നൊബേല്‍ ജേതാവിനെ തടഞ്ഞ സംഭവം: ഖേദമറിയിച്ച് കേരള സര്‍ക്കാര്‍

സംഭവത്തില്‍ നാലുപേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ സിഐടിയു അനുഭാവികളാണെന്നാണ് സൂചന.   

Last Updated : Jan 9, 2020, 12:08 PM IST
  • ദേശീയ പണിമുടക്ക് ദിനത്തില്‍ പുരവഞ്ചി യാത്രക്കിടെ നൊബേല്‍ സമ്മാന ജേതാവിനെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഖേദം അറിയിച്ചു.
  • സംഭവത്തില്‍ നാലുപേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ സിഐടിയു അനുഭാവികളാണെന്നാണ് സൂചന.
  • സംഭവത്തില്‍ പരാതിയൊന്നും ഇല്ലെന്നും താന്‍ കേരളത്തെ ഇഷ്ടപ്പെടുന്നുവെന്നും വിവാദത്തിന് താല്‍പര്യമില്ലെന്നും മൈക്കല്‍ ലെവിറ്റ് വ്യക്തമാക്കി.
നൊബേല്‍ ജേതാവിനെ തടഞ്ഞ സംഭവം: ഖേദമറിയിച്ച് കേരള സര്‍ക്കാര്‍

ആലപ്പുഴ: ദേശീയ പണിമുടക്കു ദിനമായ ഇന്നലെ പുരവഞ്ചി യാത്രക്കിടെ നൊബേല്‍ സമ്മാന ജേതാവിനെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഖേദം അറിയിച്ചു.

സംഭവത്തില്‍ നാലുപേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടനാട് കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിഐടിയു അനുഭാവികളാണെന്നാണ് സൂചന. 

പണിമുടക്ക് ദിനത്തില്‍ പുരവഞ്ചി തടഞ്ഞപ്പോള്‍ കുടുങ്ങിയത് നൊബേല്‍ സമ്മാന ജേതാവായ മൈക്കിള്‍ ലെവിറ്റും ഭാര്യയും ഉള്‍പ്പെടെയുള്ളവരാണ്. 2013 ലെ നൊബേല്‍ സമ്മാന ജേതാവായ മൈക്കിള്‍ ലെവിറ്റ് കേരള സര്‍വകലാശാലയില്‍ പ്രഭാഷണത്തിനായി സര്‍ക്കാരിന്‍റെ അതിഥിയായാണ്‌ കേരളത്തിലെത്തിയത്.  

കേരള സര്‍വകലാശാലയുടേയും ഹയര്‍ സെക്കണ്ടറി വകുപ്പിന്റേയും പരിപാടിയിലേക്കാണ് മൈക്കിള്‍ ലെവിറ്റിനെ കേരള സര്‍ക്കാര്‍ ക്ഷണിച്ചത്.

അതേസമയം സംഭവത്തില്‍ പരാതിയൊന്നും ഇല്ലെന്നും താന്‍ കേരളത്തെ ഇഷ്ടപ്പെടുന്നുവെന്നും വിവാദത്തിന് താല്‍പര്യമില്ലെന്നും മൈക്കല്‍ ലെവിറ്റ് വ്യക്തമാക്കി.

മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപ്പോഴും തനിക്ക് പരാതിയൊന്നുമില്ലെന്നാണ് പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആലപ്പുഴ കൊട്ടായം കളക്ടര്‍മാര്‍ ലെവിറ്റിനെ നേരിട്ട് കണ്ട് ഖേദം അറിയിച്ചത്

പുരവഞ്ചിയില്‍ കുമരകത്തിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു മൈക്കല്‍ ലെവിറ്റും ഭാര്യയും ഇതിനിടെ ആയിരുന്നു അവര്‍ സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ വച്ച് ചില സമരാനുകൂലികള്‍ തടഞ്ഞത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ കായലിന് നടുവില്‍ കുടുങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന അറിയിപ്പിനെ മറികടന്നാണ് സമരാനുകൂലികള്‍ ഇവരെ തടഞ്ഞത്. 

താന്‍ കൊള്ളക്കാരുടെ തോക്കിന് മുന്നില്‍പ്പെട്ട പോലെയായിരുന്നുവെന്നാണ് സംഭവത്തില്‍ മൈക്കല്‍ ലെവിറ്റ് ആദ്യം പ്രതികരിച്ചത്. സര്‍ക്കാരിന്‍റെ അതിഥിയും വിഐപിയുമായിട്ടും തന്നെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചുവെന്നും കായലില്‍ വിനോദസഞ്ചാരികളെ തടയുന്നത് കേരള ടൂറിസത്തിന് തന്നെ തിരിച്ചടിയാണെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

സാമൂഹ്യദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.  

Trending News